സിനിമാതാരങ്ങളെ പിന്തുടർന്ന് വീഡിയോ പകർത്തി അത് സോഷ്യൽ മീഡിയയിൽ മോശം ക്യാപ്ഷനുകളോടെ പോസ്റ്റ് ചെയ്യുന്ന യൂട്യൂബര്‍മാർക്ക് പണി കൊടുത്ത് നടൻ സാബുമോൻ. തന്റെ വീഡിയോ പകർത്താൻ എത്തിയവരുടെ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ ചിത്രീകരിച്ച ശേഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു നടൻ. സാബുമോൻ തിരിച്ച് ദൃശ്യങ്ങൾ എടുക്കാൻ തുടങ്ങിയതോടെ സംഘത്തിലെ ചിലർ മുഖം പൊത്തുന്നതും ഇരുട്ടിലേക്ക് ഓടിയൊളിക്കുന്നതും വീഡിയോയിൽ കാണാം.
‘ഞങ്ങൾ സെലിബ്രിറ്റികൾ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വീഡിയോ എടുക്കുന്നത്’ എന്നായിരുന്നു യൂട്യൂബർ സംഘത്തിലെ ഒരു സ്ത്രീ സാബുമോന്റെ വീഡിയോയ്ക്ക് മുഖം കൊടുക്കാതെ ചോദിച്ചത്. ‘നിങ്ങൾ പാപ്പരാസികൾ അല്ലേ, അപ്പോൾ നിങ്ങളുടെയും ദൃശ്യങ്ങൾ പകർത്താം’ എന്ന് സാബുമോനും പ്രതികരിച്ചു. “മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ” എന്നാണ് സാബുമോൻ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
“കയ്യിലുള്ള ഫോണുമായി എവിടെയും കേറും എന്തും ചോദിക്കും പറഞ്ഞതും പറയാത്തതും എല്ലാം ചേർത്ത് കൊടുക്കും.. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും കാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കും, അത് ഞങ്ങളുടെ സ്വാതന്ത്ര്യം ആണെന്ന് പറയുന്ന പാരലൽ വേൾഡിലെ മാധ്യമ സിങ്കങ്ങൾ, ഫോൺ ഒരെണ്ണം അവരുടെ നേർക്ക് തിരിഞ്ഞപ്പോൾ മുഖം പൊത്തിയും മറച്ചും മുഖം മൂടിയണിഞ്ഞും ഇരുട്ട് വാക്കിലേക്ക് ഓടി തള്ളുന്നു”, സാബുമോൻ കുറിച്ചു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പിന്നാലെ സാബുമോനെ പിന്തുണച്ച് കമന്റുമായി എത്തിയത്.