ഭര്‍ത്താവിന് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും തയാറാണ്, എനിക്കെതിരെ യുദ്ധം വന്നാലും അവന്‍ കൂടെയുണ്ടാവും: രശ്മിക മന്ദാന

തന്റെ ജീവിതപങ്കാളിക്ക് വേണ്ടി യുദ്ധം ചെയ്യാനും ബുള്ളറ്റ് ഏറ്റുവാങ്ങാനും വരെ താന്‍ തയാറാണെന്ന് നടി രശ്മിക മന്ദാന. ഓണസ്റ്റ് ടൗണ്‍ഹാളിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതപങ്കാളിയാകുന്ന വ്യക്തി എങ്ങനെയുള്ള ആളാകണമെന്നതിനെ കുറിച്ച് രശ്മിക സംസാരിച്ചത്.

”ആഴത്തില്‍ മനസിലാക്കുന്ന ആളുകളാണ് എന്റെ ടൈപ്പ്. ജെനറിക് അര്‍ത്ഥത്തിലല്ല പറയുന്നത്. ജീവിതത്തിന്റെ തന്റേതായ കാഴ്ചപ്പാടില്‍ നിന്നും മനസിലാക്കുന്നവനാകണം. മനസിലാക്കാന്‍ തയ്യാറായ ഒരാളായിരിക്കണം. സത്യസന്ധതയുള്ള, എനിക്കൊപ്പം യുദ്ധത്തിന് തയ്യാറാകുന്ന ഒരാള്‍. നാളെ എനിക്കെതിരെ ഒരു യുദ്ധം വന്നാല്‍ അവന്‍ എന്റെ കൂടെയുണ്ടാകുമെന്ന് എനിക്കറിയാം.”

”ഞാനും അത് തന്നെ ചെയ്യും. അവന് വേണ്ടി ഏത് ദിവസവും ഞാന്‍ ബുള്ളറ്റ് ഏറ്റുവാങ്ങും. അങ്ങനെയുള്ള ആളാണ് എന്റെ ആള്‍” എന്നാണ് രശ്മിക പറയുന്നത്. ഒപ്പം അഭിനയിച്ച നടന്മാരില്‍ ആരെയാണ് വിവാഹം ചെയ്യുക, ആരെയാണ് ഡേറ്റ് ചെയ്യുക എന്ന ചോദ്യത്തിനും രശ്മിക മറുപടി നല്‍കി. ജാപ്പനീസ് അനിമെ കഥാപാത്രമായ നരൂറ്റോയെ ഡേറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് രശ്മിക പറഞ്ഞു.

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് വിജയ് ദേവരകൊണ്ടയെയാണ് എന്ന് രശ്മിക പറഞ്ഞപ്പോള്‍ വലിയ ആരവമാണ് സദസില്‍ നിന്നുയര്‍ന്നത്. അതേസമയം, രശ്മികയുടെയും വിജയ്‌യുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.

Read more

മോതിരങ്ങള്‍ അണിഞ്ഞ് താരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ കൈയിലെ മോതിരം പ്രധാനപ്പെട്ട കാര്യമാണെന്ന് രശ്മിക പറഞ്ഞതും റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി. ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്നാണ് പുതിയ വിവരം. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നത്.