തിയേറ്ററില്‍ മകരവിളക്ക് തെളിയിച്ച പോലെ അവനങ്ങനെ എന്റെ അടുത്ത് ഇരിക്കുകയാണ്; അനുഭവം പങ്കുവെച്ച് രമേഷ് പിഷാരടി

തിയേറ്ററില്‍ പോയപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെച്ച് രമേഷ് പിഷാരടി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”എനിക്ക് ബാധ്യതയായി തോന്നിയ ഒരുപാട് പേരുണ്ട്. നരന്‍ എന്ന സിനിമ കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍ അവിടെ ഒരുത്തന്‍ എന്റെ അടുത്ത് വന്ന് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. ബാക്കി ഉള്ളവര്‍ക്ക് ഇവന്‍ എന്റെ കൂടെ വന്നതാണ് എന്നേ തോന്നുകയുള്ളു. പക്ഷേ ഇവന്‍ എന്റെ കൂടെ വന്നവനല്ല. എനിക്ക് ഇവനെ അറിയില്ല.

 

തിയേറ്ററില്‍ ഇവന്‍ എന്റെ കൂടെ വന്ന് ഇരിക്കുകയും ചെയ്തു. ഇവന്‍ കുറച്ച് കഴിഞ്ഞ് കടല വാങ്ങി കൊണ്ട് വരും, എനിക്ക് വെച്ച് നീട്ടും. ഞാന്‍ അതില്‍ നിന്ന് രണ്ടെണ്ണം തിന്നും, ഇവനും തിന്നും.

ഒരു പച്ച ഷര്‍ട്ടാണ് അവനിട്ടത്. തിയേറ്ററില്‍ ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ ഇവന്റെ ഷര്‍ട്ട് തിളങ്ങുകയാണ്. ഇവനെ മാത്രം മകരവിളക്ക് തെളിഞ്ഞ് നില്‍ക്കുന്നത് പോലെ തിയേറ്ററില്‍ തെളിഞ്ഞ് കാണുകയാണ്. അപ്പോള്‍ തൊട്ട് ഇവന്‍ എനിക്ക് ബാധ്യതയായി. ഒരു രക്ഷയുമില്ല.

 

ഇന്റര്‍വെല്ലിന് പുറത്ത് പോയ ശേഷം ഇവനെ കാണാനില്ല. ഞാന്‍ രക്ഷപ്പെട്ടു എന്ന് വിചാരിച്ചുപോയി. പത്ത് മിനിറ്റ് കഴിഞ്ഞ് ഇവന്‍ വിണ്ടും നടന്ന് വരികയാണ്. ഇവന്‍ കയറി വരുമ്പോള്‍ എല്ലാവരും തിയേറ്ററില്‍ കയ്യടിക്കുകയാണ്. ഇതൊക്കെ നമുക്ക് ബാധ്യതയാണ്. രമേഷ് പിഷാരടി പറഞ്ഞു.