'അന്ന് ഞാൻ മേൽമുണ്ട് ഉടുത്ത് അഭിനയിച്ചിരുന്നെങ്കില്‍ ഇന്ന് ഞാൻ സൂപ്പർ നായിക ആയേനെ'; രമ ദേവി

സിനിമ സീരിയൽ രംഗത്ത് നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടിയാണ് രമ ദേവി വർഷങ്ങൾക്ക് മുൻപേ അഭിനയ രംഗത്തേത്തിയ നടി തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗ്ലാമറസ് വേഷം താൻ ചെയ്യില്ലെന്നും അതിന് ഒരു കാരണമുണ്ടെന്നും അവർ തുറന്ന് പറഞ്ഞത്. തന്നെ തേടി എത്തുന്ന കഥാപാത്രങ്ങൾ നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് താൻ നോക്കാറില്ലെന്നാണ് രമ പറയുന്നത്. അതേ സമയം ഗ്ലാമറസ് വേഷം ധരിച്ചിട്ടുള്ള കഥാപാത്രങ്ങൾ ആണെങ്കിൽ അതിനോട് താൻ നോ എന്നേ പറയുകയുള്ളു എന്നും അവർ പറഞ്ഞു.

ഗ്ലാമറസ് റോളുകൾ ചെയ്താൽ എന്ത് സംഭവിക്കും എന്ന് ചോദിച്ചാൽ ഒന്നുമില്ല. പക്ഷേ താനത് ചെയ്യില്ല എന്നത് തന്റെ ഒരു കാഴ്ച്ചപാടാണ്. പിന്നെ തന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോൾ ചെയ്യാൻ പറ്റുന്നത് അല്ല. താനൊരു ആവറേജ് ആണെന്നും രമ പറഞ്ഞു. ഷക്കീല ചെയ്യുന്നൊരു വേഷം തനിക്ക് ചെയ്യാൻ പറ്റില്ല. തന്റെ ഒരു ശരീര പ്രകൃതത്തിന് ചേരുന്ന റോളുകൾ ചെയ്യാനാണ് തനിക്കിഷ്ടം. അങ്ങനെയേ താൻ ചെയ്യുകയുള്ളു. മുലക്കച്ച കെട്ടി അഭിനയിക്കുന്നതിന് വരെ തനിക്ക് ഇഷ്ടമല്ല.

അങ്ങനൊരു സംഭവം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും രമ പറയുന്നു. പിജി വിശ്വംഭരൻ സാറിന്റെ പടമാണ്. അതിൽ നല്ലൊരു വേഷത്തിലേക്കാണ് തന്നെ വിളിച്ചത്. അതിൽ മുലക്കച്ച കെട്ടിയിട്ടുള്ള സീനുകളൊക്കെ അഭിനയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ‌അപ്പോൾ തന്നെ തനിക്ക് അത് വേണ്ടെന്നും ചെയ്യാൻ പറ്റില്ലെന്നുമാണ് മറുപടി പറഞ്ഞത്. നല്ലൊരു ആർട്ടിസ്റ്റല്ലേ നിങ്ങൾ. ഈ റോൾ ചെയ്താൽ അത് നിങ്ങൾക്കൊരു ബ്രേക്ക് ആവുമെന്നും സാർ പറഞ്ഞിരുന്നു.

അതിന് മുൻപ് സാറിന്റെ ആഗ്‌നേയം എന്നൊരു സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അതിലൊരു നല്ല വേഷമായിരുന്നു. നെടുമുടി വേണുവിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. രണ്ടാമതും സാർ തന്നെ വിളിച്ചെങ്കിലും താൻ താൽപര്യം പ്രകടിപ്പിച്ചില്ല. തന്റെ ഭർത്താവും നിർബന്ധിച്ചിരുന്നു. പക്ഷേ താൻ ചെയ്യില്ലെന്ന് തന്നെ തീരുമാനിക്കുകയാണ് ചെയ്തതെന്നും രമ ദേവി കൂട്ടിച്ചേർത്തു