ഇത് രജനിയുടെ ആഗ്രഹമാണ്, നിര്‍ബന്ധിച്ച് മനസ്സ് മാറ്റാനാവില്ല; പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും പിന്മാറിയ താരത്തെ പിന്തുണച്ച് സഹോദരന്‍

രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്മാറിയ രജനികാന്തിനെ പിന്തുണച്ച് സഹോദരന്‍ ആര്‍. സത്യനാരായണന്‍ റാവു. ഇത് തന്റെ സഹോദരന്റെ ആഗ്രഹമാണ് അദ്ദേഹത്തിന്റെ മനസ് മാറ്റാന്‍ ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ലെന്നും സത്യനാരായണന്‍ റാവു പ്രതികരിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയത്.

അദ്ദേഹം പാര്‍ട്ടി രൂപീകരിക്കും എന്നാണ് തങ്ങളും വിശ്വസിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ പിന്നോട്ട് പോയി. അദ്ദേഹം എന്ത് തീരുമാനം എടുത്താലും അത് പൂര്‍ണമായും ശരിയായിരിക്കും എന്നാണ് സത്യനാരായണന്‍ റാവു പിടിഐയോട് പ്രതികരിച്ചത്.

പ്രസ്താവന പങ്കുവെച്ചാണ് പാര്‍ട്ടി പ്രഖ്യാപന തീരുമാനത്തില്‍ നിന്നും പിന്മാറുന്നു എന്ന് രജനികാന്ത് കുറിച്ചത്. വാക്ക് പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ടെന്നും വൃക്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം പിന്മാറുന്നുവെന്നും താരം ട്വിറ്ററില്‍ കുറിച്ചു. തന്നെ വിശ്വസിച്ച് ഇറങ്ങിയ പ്രവര്‍ത്തകര്‍ നിരാശരാകരുതെന്നും രജനികാന്ത് പറഞ്ഞു.

കടുത്ത രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് രജനികാന്തിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ മാസം 31-ന് രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രജനികാന്ത് അറിയിച്ചിരുന്നത്.