സുരേഷ് പറഞ്ഞിട്ട് വേണോ എന്റെ കയ്യില്‍ കഥയുണ്ടെന്ന് ജയറാം അറിയാന്‍ ഞാന്‍ ചോദിച്ചു; തുറന്നുപറഞ്ഞ് രാജസേനന്‍

മുന്‍പേ ജയറാമുമായി നേരത്തെ ഒരു വിടവ് ഉണ്ടായിരുന്നുവെന്നും, അന്ന് തങ്ങളെ വീണ്ടും തിരികെ ഒന്നിപ്പിച്ചത് സുരേഷ് ഗോപി ആണെന്നും തുറന്നു പറയുകയാണ് സംവിധായകന്‍ രാജസേനന്‍. രഘുനാഥ് പലേരി തിരക്കഥ രചിച്ചു ജയറാം, ഉര്‍വശി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച രാജസേനന്‍ ചിത്രം ‘മധുചന്ദ്രലേഖ’ യെക്കുറിച്ചാണ് അദ്ദേഹം മനസ്സുതുറന്നത്.

”മധുചന്ദ്രലേഖ’ ചെയ്യും മുന്‍പ് കുറച്ചു നാള്‍ ഒരു അകലം വന്നിരുന്നു. അങ്ങനെയൊരു സിനിമ സംഭവിക്കാന്‍ കാരണമായത് സുരേഷ് ഗോപിയാണ്. ഒരുദിവസം സുരേഷ് എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘നിങ്ങള്‍ എന്തിനാണ് ഇങ്ങനെ അകന്നു ഇരിക്കുന്നത്. നിങ്ങള്‍ ഒന്നിച്ചാല്‍ ഇനിയും നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കും അതുകൊണ്ട് നിങ്ങളുടെ കൂട്ടുകെട്ടില്‍ സിനിമകള്‍ വരണമെന്ന്. അങ്ങനെ ജയറാം ഒരു ദിവസം എന്നെ വിളിക്കുന്നു.

സുരേഷ് പറഞ്ഞു സ്വാമിയുടെ കയ്യില്‍ ഒരു കഥയുണ്ടെന്ന്. എന്നെ സ്വാമി എന്നാണ് ജയറാം വിളിക്കുന്നത്. ഞാനും തിരിച്ചു അങ്ങനെയാണ്. ഞങ്ങളുടെ ഫ്രണ്ട്ഷിപ് അത്ര വ്യത്യസ്തമായ രീതിയിലുള്ളതായിരുന്നു. ‘ടാ’ എന്നോ ‘നീ’ എന്നോ ഒന്നും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടില്ല. ചിത്രീകരണത്തിനിടെ ഒരിക്കല്‍ എപ്പോഴോ ആണ് ‘ഇങ്ങോട്ട് ഒന്ന് ശ്രദ്ധിക്കൂ ജയറാം’ എന്ന് ഞാന്‍ പറഞ്ഞത്. ജയറാം വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു സുരേഷ് പറഞ്ഞിട്ട് വേണോ എന്റെ കയ്യില്‍ കഥയുണ്ടെന്ന് ജയറാം അറിയാന്‍ നമ്മള്‍ തമ്മിലുള്ള ബന്ധം അങ്ങനെയല്ലായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.