‘പല പുരുഷന്മാരും തെറ്റ് അംഗീകരിക്കില്ല, അതിനാലാണ് വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തത്’; അതിജീവിച്ചവര്‍ക്ക് ഒപ്പമെന്ന് പാര്‍വതി

ലൈംഗികപീഡന ആരോപണത്തില്‍ മാപ്പ് പറഞ്ഞു കൊണ്ട് മലയാളി റാപ്പര്‍ വേടന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലൈക്ക് ചെയ്തതിനെ തുടര്‍ന്ന് നടി പാര്‍വതി തിരുവോത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ത്രീപക്ഷവാദ രാഷ്ട്രീയം ഏറ്റവും നന്നായി അറിയാവുന്ന ഒരു വ്യക്തി തന്നെ ഇത്തരമൊരു പോസ്റ്റില്‍ ലൈക്ക് അടിച്ചെന്നാണ് വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

ഇതിന് പിന്നാലെ ലൈക്ക് പിന്‍വലിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാര്‍വതി. വേടനെതിരെ ധീരമായി സംസാരിച്ച താന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താന്‍ എപ്പോഴും അതിജീവിച്ചവര്‍ക്കൊപ്പം നില്‍ക്കുമെന്നും നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചു.

പാര്‍വതിയുടെ കുറിപ്പ്:

ആരോപണവിധേയനായ ഗായകന്‍ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കില്ല എന്നത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ലൈക് ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം.

കേസുമായി മുന്നോട്ട് പോകുമ്പോള്‍ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, ക്ഷമാപണം ആത്മാര്‍ത്ഥമല്ലെന്ന് രക്ഷപ്പെട്ട കുറച്ചുപേര്‍ പറഞ്ഞതായി അറിഞ്ഞയുടനെ ഞാന്‍ എന്റെ ”ലൈക്ക്” നീക്കം ചെയ്തു.

ഞാന്‍ തിരുത്തുന്നു. ക്ഷമിക്കണമോ വേണ്ടയോ എന്നത് എല്ലായ്‌പ്പോഴും അതിജീവിച്ചവന്റെ അവകാശമാണ്, ഞാന്‍ എല്ലായ്‌പ്പോഴും അവരുടെ കൂടെ നില്‍ക്കും. നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.