'സിനിമ അനുരാഗിനെ കാണിക്കാന്‍ പറഞ്ഞത് അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍'; പക സംവിധായകന്‍

സംവിധായകന്‍ നിതിന്‍ ലുക്കോസിന്റെ “പക” ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍. മൂത്തോന്‍, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊറന്റോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് പക. ഫെസ്റ്റിവലില്‍ ഡിസ്‌കവറി വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് കട്ട് അടൂര്‍ ഗോപലകൃഷ്ണനെ കാണിച്ചപ്പോള്‍ അദ്ദേഹമാണ് അനുരാഗ് കശ്യപിനെ സിനിമ കാണിക്കാന്‍ ഉപദേശിച്ചത് എന്നാണ് നിതിന്‍ ലൂക്കോസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സിനിമയുടെ ഫസ്റ്റ് കട്ട് താന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനെ കാണിച്ചിരുന്നു. അദ്ദേഹമാണ് അനുരാഗ് കശ്യപ് അടക്കമുള്ളവരെ പടം കാണിക്കാന്‍ ഉപദേശിച്ചത്. സിനിമ ഇഷ്ടപ്പെട്ടപ്പോള്‍ എന്താണ് പ്ലാന്‍ എന്ന് അനുരാഗ് ചോദിച്ചു. നിര്‍മ്മാതാവിന്റെ സ്ഥാനത്തേക്ക് അദ്ദേഹവും എത്തി. പിന്നീടുള്ള ചില്ലറ എഡിറ്റിലും റീഷൂട്ടിലും അദ്ദേഹത്തിന്റെ സഹായമുണ്ടായി.

ഒരു അന്തര്‍ദേശീയ തലത്തിലേക്ക് സിനിമയെ എങ്ങനെ പ്ലേസ് ചെയ്യണം എന്ന നിര്‍ദേശമൊക്കെ അനുരാഗ് തന്നു. പിന്നീടാണ് എന്‍എഫ്ഡിസി ഫിലിം ബസാറിന്റെ വര്‍ക്ക് ഇന്‍ പ്രോഗ്രസ് ലാബിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അവിടെ ബെസ്റ്റ് ഫിലിം ആയി. അങ്ങനെയാണ് പടത്തിന് ശ്രദ്ധ കിട്ടുന്നത് എന്നാണ് നിതിന്‍ പറയുന്നത്.