'ഈട പോലൊരു സബ്‌ജെക്ടുമായി എന്റടുത്ത് ആരും ഇതുവരെ വന്നിട്ടില്ല' - നിമിഷാ സജയന്‍

രശ്മി രാധാകൃഷ്ണന്‍

മലയാളത്തില്‍ റിയലിസ്റ്റിക് സിനിമയുടെ വസന്തം മടങ്ങി വന്നപ്പോള്‍ ആ കൂടെയെത്തിയതാണ് നിമിഷാ സജയന്‍. തൊണ്ടിമുതലും ദൃകസാക്ഷിയും എന്ന ഒറ്റ സിനിമയിലെ സ്വാഭാവികമായ അഭിനയശൈലി കൊണ്ട് തന്നെ നിമിഷ മുന്‍നിരനായികമാരുടെ ഒപ്പം ഇടം പിടിച്ചു. ദേശീയതലത്തില്‍ വരെ ശ്രദ്ധേയനായ എഡിറ്റര്‍ ബി അജിത്ത് കുമാര്‍ തന്റെ ആദ്യ സംവിധാനസംരംഭമായ ഈട എന്ന വടക്കന്‍മലബാര്‍ പ്രണയകഥയുമായി എത്തുമ്പോള്‍ നായികയായി നിമിഷയുമുണ്ട്.

ഈടയുടെ വിശേഷങ്ങള്‍?

ഈടയില്‍ ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. തൊണ്ടിമുതലിലെ ശ്രീജയുടെ അത്രയും മച്വേര്‍ഡ് അല്ല. ശരിയ്ക്കും എന്റെ ഏജ് ഗ്രൂപ്പില്‍ ഒക്കെ വരുന്ന,കോളേജ് സ്റ്റുഡന്റ്‌റ് ആയ കഥാപാത്രമാണ് ഐശ്വര്യ. ഒരു ഇന്റന്‍സ് പ്ലോട്ട് ആണ് ഈടയുടേത്. ലവ്‌സ്റ്റോറിയാണ്.  പക്ഷെ നോര്‍മല്‍ ലവ് സ്റ്റോറിയല്ല. ഡിഫറന്റായ,പുതുമയുള്ളപ്ലോട്ട് ആണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്നുതന്നെയാണ് പ്രതീക്ഷ.

മുംബൈ മലയാളി മലബാര്‍ സ്ലാങ് എങ്ങനെ കൈകാര്യം ചെയ്തു?

ഡബ്ബ് ചെയ്തിരിയ്ക്കുന്നത് ഞാനല്ല. സ്‌നേഹ എന്നൊരു പുതിയ ആര്‍ട്ടിസ്റ്റാണ്. ഷൂട്ടിംഗ് നടക്കുമ്പോള്‍ ലൊക്കേഷനില്‍ വച്ച് അജിത്തേട്ടന്‍നന്നായി പറഞ്ഞുതരുമായിരുന്നു. ലൊക്കേഷനില്‍ തന്നെ മലബാറുകാരായ രണ്ടുമൂന്നുപേര്‍ ഉണ്ടായിരുന്നു. അവരുമായി ഡിസ്‌കസ് ചെയ്തിട്ടാണ് ചെയ്തത്. അവര് നന്നായി ഹെല്‍പ്പ് ചെയ്തു.

മലയാളസിനിമയില്‍ ലവ് സ്റ്റോറികളുടെ കാലമാണെന്ന് തോന്നുന്നു?

എന്ന് തോന്നുന്നു. ഇത് പക്ഷെ ഒരു നോര്‍മല്‍ ലവ് സ്റ്റോറി അല്ല. പ്രണയത്തെക്കുറിച്ച് പറയുമ്പോഴും സോഷ്യലി റെലവന്റായ ചില കാര്യങ്ങള്‍ സോസൈറ്റിയുമായി കമ്മ്യൂണിക്കെറ്റ് ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു സബ്ജക്‌റ്റോ പ്ലോട്ടോ ആയി ഇതിനുമുന്‍പ് ആരും എന്റെയടുത്ത് വന്നിട്ടില്ല. അത്രയ്ക്ക് പുതുമയുള്ള ഒന്നാണ് ഇത്.

ഫീല്‍ഡില്‍ ഇത്രയും സീനിയറായ സംവിധായകനോടൊപ്പം?

അജിത്തേട്ടന്റെ വിശ്വാസത്തിലാണ് ഞാന്‍ നില്‍ക്കുന്നത് തന്നെ. അവരാണ് എന്റെ ശക്തി. അജിത്തേട്ടന്‍ മാത്രമല്ല, ആ ടീം തന്ന ലേണിംഗ് എക്‌സ്പീരിയന്‍സ് അത്രയ്ക്ക് വലുതാണ്. ഓരോ ദിവസവും വേറെ വേറെ കാര്യങ്ങള്‍ പഠിയ്ക്കുകയായിരുന്നു എന്ന്തന്നെ പറയാം. അജിത്തേട്ടന് കൃത്യമായി അറിയാം എവിടെ, എത്ര അളവില്‍ എന്തൊക്കെ വേണമെന്ന്. ഒരു എഡിറ്ററുടെ പേര്‍സ്‌പെക്റ്റീവിലാണ് അദ്ദേഹം കാര്യങ്ങള്‍ നോക്കിക്കാണുന്നത്. അത് എനിക്ക് പുതിയ അനുഭവമാണ്. ആ രീതി ആര്‍ട്ടിസ്റ്റിന് നല്ല ഹെല്‍പ്പ് ആയി.

അജിത്തേട്ടന്‍ പറയും കൃത്യമായി അത്രയ്ക്ക് മതി, ബാക്കി ഞാന്‍ അവിടുന്ന് കട്ട് ചെയ്‌തെടുത്തോളാം എന്നൊക്കെ. അത് പെര്‍ഫെക്റ്റ് ആയിരിയ്ക്കും. ഷെയിന്‍, മണികണ്ഠന്‍ ചേട്ടന്‍, അലന്‍ ചേട്ടന്‍ ബാക്കി ടെക്‌നീഷ്യന്‍ന്‍സ് എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു. അവര്‍ നമുക്ക് അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുതരും. നമ്മള്‍ ഒരുകാര്യം ചെയ്യുമ്പോള്‍ ബെറ്റര്‍മെന്റിന് എന്ത് വേണം എന്ന് സജസ്റ്റ് ചെയ്യും. ഒരു തുടക്കക്കാരിയെന്ന നിലയില്‍ എന്നെ അത് ഒരുപാട് സഹായിച്ചു. ഈടയില്‍ നല്ല പാട്ടുകള്‍ ഉണ്ട്. ആദ്യത്തെ പാട്ട് റിലീസ് ചെയ്തപ്പോള്‍ തന്നെ നല്ല റെസ്‌പോന്‍സ് ആയിരുന്നു.

നിമിഷ റിയലിസ്റ്റിക് സംവിധായകരുടെ നായികയാണോ?

അങ്ങനെയില്ല. റിയലിസ്റ്റിക് എന്നൊക്കെ പറയുന്നതിനേക്കാള്‍ സിനിമ എക്‌സ്‌പെരിമെന്റല്‍ ആകുന്നുണ്ട്. പല ക്ലാസ്സില്‍,കാറ്റഗറിയില്‍ ഉള്ള സിനിമകള്‍ ഉണ്ടാകുന്നു, എല്ലാത്തിനും ഓഡിയന്‍സും ഉണ്ടാകുന്നു. അതാണല്ലോ വേണ്ടത്. പെര്‍ഫോമന്‍സ് ഇഷ്ടമായാല്‍ ആളുകള്‍ ആക്‌സപ്റ്റ് ചെയ്യും. അത്രേയുള്ളൂ. തൊണ്ടിമുതലിലേയ്ക്ക് ദിലീഷേട്ടന്‍ ഓഡീഷന്‍ നടത്തിയാണ് എന്നെ എടുത്തത്. പക്ഷെ ഈടയുടെ കാര്യത്തില്‍ എനിക്ക് സംവിധായകനെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. രാജീവേട്ടന്‍ വിളിച്ചിട്ടാണ് പറയുന്നത് മോളെ ബാഗ് പാക്ക് ചെയ്‌തോ എന്ന്. എനിയ്ക്കറിയാം രാജീവേട്ടന്‍ ഒരു കാര്യം പറഞ്ഞാല്‍ അത് എന്റെ ഗുണത്തിന് വേണ്ടിയായിരിയ്ക്കും എന്ന്. കാരണം എന്റെ അത്ര നല്ല വെല്‍വിഷര്‍ ആണ് അദ്ദേഹം. ദിലീഷേട്ടനും രാജീവേട്ടനും എന്റെ അസറ്റ് ആണ്. ആസ് എ പെര്‍ഫോമര്‍, ആസ് എ പെഴ്‌സന്‍ ഞാന്‍ ഇന്ന് എന്താണോ അത് ഇവര്‍ രണ്ടുപേര്‍ കാരണമാണ്.

തൊണ്ടിമുതലിലെ ശ്രീജയാണോ ഈടയിലെ ഐശ്വര്യയാണോ നിമിഷയോട് അടുത്ത് നില്‍ക്കുന്നത്?

അങ്ങനെ ആലോചിക്കാറെയില്ല. ശ്രീജ വേറെയാണ്, ഐശ്വര്യ വേറെ, നിമിഷ വേറെ. എനിയ്ക്ക് വരുന്ന ഒരു കഥാപാത്രത്തില്‍ നിമിഷ ഉണ്ടെങ്കില്‍ ഒരുപക്ഷെ ഞാന്‍ അത് സെലകറ്റ് ചെയ്യില്ല. ക്യാരക്റ്റര്‍ ചെയ്യുമ്പോള്‍ ഞാനല്ലാത്ത ഒരു വ്യക്തിയെ എക്‌സ്‌പ്ലോര്‍ ചെയ്യുവാണ്. ആസ് എ പെര്‍ഫോമര്‍ ആ പ്രോസസ് ആണ് ഞാന്‍ എന്‍ജോയ് ചെയ്യുന്നത്. എന്തായാലും നാളെ ഈട കണ്ടിട്ട് പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍  കാത്തിരിയ്ക്കുകയാണ്.