'മോഹൻലാലിന്റെയും പ്രിയദർശന്റെയും നിർദേശം കേട്ട ശേഷമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്'; മരക്കാർ ഒ.ടി.ടി റിലീസിൽ: ആന്റണി പെരുമ്പാവൂർ

മരക്കാർ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ പല കാരണങ്ങളുണ്ടെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. തിയേറ്ററിൽ റിലീസ് നടക്കാത്തതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടെന്നും അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് വ്യക്തമാക്കി.

ഈ സിനിമ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു തങ്ങളുടെ എല്ലാവരുടെയും ആഗ്രഹം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കു പോലും തിയേറ്റർ ഉടമകൾ തയ്യാറായില്ല. മോഹൻലാലിന്റെയും പ്രിയദർശന്റെയും അടക്കം എല്ലാവരുടെയും നിർദേശം കേട്ട ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത് എന്ന് ആന്റണി പറയുന്നു.

തിയേറ്ററുകൾ തുറക്കുമ്പോൾ അവർ വേറെ പടങ്ങൾ ചാർട്ട് ചെയ്ത് കളിക്കുന്നു. മരക്കാർ എന്നാണ് റിലീസ് ചെയ്യുന്നത് എന്നാണെന്ന് തിയേറ്ററുടമകൾ ചോദിച്ചിട്ട് പോലുമില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവെയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വിവരം പുറത്തു വിട്ടിരുന്നു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചെലവിട്ടാണ് നിര്‍മ്മിച്ചത്. 2020 മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വെയ്ക്കപ്പെട്ടു.