ആ സിനിമയെ കുറിച്ച് അബദ്ധത്തില്‍ പറഞ്ഞു പോയതാണ്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും: മമ്മൂട്ടി

തന്റെ പുതിയ സിനിമയുടെ പേര് തന്നോട് അബദ്ധത്തില്‍ പറഞ്ഞു പോയതാണെന്ന് മമ്മൂട്ടി. ഒരു തമിഴ് ചാനലിന്റെ അഭിമുഖത്തിനിടെ തന്റെ പുതിയ ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആണെന്ന് മമ്മൂട്ടി തുറന്നു പറഞ്ഞിരുന്നു. പിന്നാലെ മമ്മൂട്ടിയുടെ വാക്കുകള്‍ വൈറലാവുകയായിരുന്നു.

അന്ന് സിനിമയുടെ പേര് അബദ്ധത്തില്‍ പറഞ്ഞു പോയത് ആയിരുന്നു. ചിത്രത്തിന്റെ പേരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും മമ്മൂട്ടി അറിയിച്ചു. ‘ക്രിസ്റ്റഫര്‍’ സിനിമ പുറത്തിറങ്ങാനിരിക്കെ ദുബായില്‍ വച്ച് നടത്തിയ പ്രസ് മീറ്റിനിടെയാണ് തനിക്ക് സംഭവിച്ച അബദ്ധം മമ്മൂട്ടി വ്യക്തമാക്കിയത്.

‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ക്രിസ്റ്റഫര്‍’, ‘കാതല്‍’ എന്നിവയാണ് വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ എന്നായിരുന്നു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ മമ്മൂട്ടി പറഞ്ഞത്. ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’, ‘കാതല്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മ്മിക്കുന്ന സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

ത്രില്ലര്‍ സിനിമയായി ഒരുക്കുന്ന ‘കണ്ണൂര്‍ സ്‌ക്വാഡില്‍’ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. റോബിയും റോണി ഡേവിഡും ചേര്‍ന്നാണ് സിനിമക്ക് തിരക്കഥയൊരുക്കുന്നത്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. എസ്.ജോര്‍ജാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.