വാത്സല്യം തോന്നുന്ന കുസൃതിക്കാരനാണ് നടന്‍ വിനായകന്‍ എന്ന് മമ്മൂട്ടി. ‘കളങ്കാവല്‍’ സിനിമയുടെ പ്രീ റിലീസ് ചടങ്ങിലാണ് മമ്മൂട്ടി സംസാരിച്ചത്. വിനായകന്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ തനിക്ക് ആദ്യം ഓഫര്‍ ചെയ്തത് നായകനായ പൊലീസ് ഓഫീസറുടെ വേഷമാണ്. എന്നാല്‍ തന്നേക്കാള്‍ നല്ലത് വിനായകന്‍ ആണെന്ന് തനിക്ക് തോന്നി. സിനിമയ്ക്കായി സമീപിച്ചപ്പോള്‍ വിനായകന്‍ വിശ്വാസമായില്ലെന്നും മമ്മൂട്ടി പറഞ്ഞു.
”ക്ലാസില്‍ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാവും. പക്ഷേ, കുസൃതി കാണിക്കുന്നവരോട് ഒരു വാത്സല്യം തോന്നും. അങ്ങനെയൊരു കുസൃതിക്കാരനാണ് വിനായകന്‍. വിനായകന്‍ ഒരുപാട് കുസൃതികള്‍ കാണിക്കുമെങ്കിലും ഒരു വാത്സല്യം ഇയാളുടെ സിനിമ കാണുമ്പോള്‍ തോന്നിപ്പോവും. ഇത് നമ്മള്‍ അല്ലാതെ കാണുന്ന വിനായകനല്ലല്ലോ എന്ന് തോന്നിപ്പോവും. അല്ലാതെ കാണുന്ന വിനായകനും ഇതിനേക്കാള്‍ നല്ലതാണ്. അത് ശരിക്ക് കാണാഞ്ഞിട്ടാണ്.”
”വിനായകനിലെ, നായകന്‍ മാത്രമാണ് പോസ്റ്ററില്‍ എടുത്തുനില്‍ക്കുന്നത്. വിനായകനാണ് നായകന്‍, അപ്പോഴാണ് വി എടുത്ത് കളഞ്ഞത്. കിട്ടുന്ന ചാന്‍സിലൊക്കെയല്ലേ പറ്റുള്ളൂ. എന്റെ പേര് എഴുതുമ്പോള്‍ അങ്ങനെ വെക്കാന്‍ പറ്റില്ല. മ, മ്മൂട്ടി എന്ന് എഴുതാന്‍ പറ്റുമോ? വിനായകന്‍ ആയത് കൊണ്ടുമാത്രമാണ് പറ്റുന്നത്.”
”കളങ്കാവല്‍ എന്നെ സംബന്ധിച്ച് സിനിമയല്ല, എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തെ ഒരുപക്ഷേ നിങ്ങള്‍ക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വലിയ ബുദ്ധിമുട്ട് കാണും. പക്ഷേ, സിനിമ കണ്ടിറങ്ങുമ്പോള്‍ കഥാപാത്രത്തെ തിയേറ്ററില്‍ ഉപേക്ഷിച്ച് പോവാന്‍ പറ്റില്ല. സിനിമയില്‍ ആദ്യം എനിക്ക് ഓഫര്‍ ചെയ്തത് പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്.”
”അത് എന്നേക്കാള്‍ കുറച്ചുകൂടെ നന്നായി ചെയ്യാന്‍ വിനായകനാണ് നല്ലത് എന്നെനിക്ക് തോന്നി. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ പുള്ളിക്കാരന് വിശ്വാസമായില്ല. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. അങ്ങനെ തന്നെയാണ് പോസ്റ്ററിലും ഇട്ടിരിക്കുന്നത്. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്. ഇത്രയും കാലം എന്റെ എല്ലാ സിനിമാ കസറത്തുകളും സ്വീകരിച്ച പ്രേക്ഷകരെ വിശ്വസിച്ച് തന്നെയാണ് ഇങ്ങനെയൊരു കഥാപാത്രം ഏറ്റെടുക്കാന്‍ ധൈര്യപ്പെട്ടത്.”
Read more
”എന്റെ ആത്മവിശ്വാത്തിന് നിങ്ങള്‍ കൂട്ടുനില്‍ക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. കഴിഞ്ഞ 45 വര്‍ഷമായി നിങ്ങളെ വിശ്വസിച്ച് മാത്രമാണ്, നിങ്ങളെ രസിപ്പിച്ചുമാത്രമാണ് ഞാനിവിടെ നില്‍ക്കുന്നത്. ഇനിയങ്ങോട്ട് അതിനുള്ള അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു” എന്നാണ് മമ്മൂട്ടി പറയുന്നത്.








