എട്ടുമണിയുടെ ഷോട്ടിന് പുലർച്ചെ 3 മണിക്ക് ആയിരുന്നു മേക്കപ്പ് തുടങ്ങിയിരുന്നത്; 'കങ്കുവ'യെ കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത് അമ്പാടി

തെന്നിന്ത്യൻ സിനിമ ലോകം പ്രതീക്ഷയോടെ നോക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’. ത്രീഡിയിൽ പാൻ ഇന്ത്യൻ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മലയാളികൂടിയായ ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത് അമ്പാടി. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ സിനിമയിൽ ഉള്ളതുകൊണ്ട് തന്നെ എല്ലാം കൃത്യമായി ചെയ്യാൻ ഒരുപാട് സമയം വേണ്ടിവന്നു എന്നാണ് രഞ്ജിത് അമ്പാടി പറയുന്നത്. കൂടാതെ നാൽപതോളം പേരടങ്ങുന്ന ഒരു ടീമാണ് കങ്കുവയിൽ മേക്കപ്പ് ടീം ആയി ഉണ്ടായിരുന്നത് എന്നും രഞ്ജിത് പറയുന്നു. പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിലിറങ്ങുന്ന ‘ആടുജീവിത’ത്തിലും രഞ്ജിത്ത് അമ്പാടി തന്നെയായിരുന്നു മേക്കപ്പ് ആർട്ടിസ്റ്റ്.

“സാധാരണ ഒരു സിനിമയിൽ ഒരു മേക്കപ്പ് ടീം എന്ന് പറഞ്ഞാൽ നാലോ അഞ്ചോ ആറോ ആളുകൾ ഉണ്ടാവുകയുള്ളൂ. ഇതിൽ നമ്മൾ 40 ഓളം പേരായിരുന്നു. എന്റെ ഗ്രൂപ്പ് മാത്രം അത്രയും പേരുണ്ടായിരുന്നു. 200,250 ജൂനിയർ ആർട്ടിസ്റ്റുകൾ എന്ന് പറയുന്നുണ്ടെങ്കിലും ഇവർക്കൊക്കെ ട്രൈബൽസ് ലുക്കാണ്.

ജഡ പിടിച്ച മുടികളും ശരീരത്തിൽ അങ്ങനെയുള്ള കളർ കാര്യങ്ങളൊക്കെ വേണമായിരുന്നു. അവരുടെ കണ്ണിന്റെ കളർ, കോൺടാക്ട് ലെൻസ് പല്ലിന്റെ കളർ അങ്ങനെയുള്ള ഭയങ്കര ഡീറ്റൈലിങ് കാണിക്കണം. ഇത്രയും പേരെ രാവിലെ എട്ട് മണിക്ക് റെഡി ആക്കണമെങ്കിൽ ശരിക്കും പറഞ്ഞാൽ നമ്മൾ 40 പേര് മതിയാകില്ല . പുലർച്ചെ 3 മണിക്ക് തുടങ്ങിയാലെ എട്ട് മണിക്ക് ഷോട്ട് എടുക്കാൻ പറ്റുകയുള്ളൂ” സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത് അമ്പാടി കങ്കുവയെ കുറിച്ച് പറഞ്ഞത്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ ഇ. വി ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ആദി നാരായണയാണ്. ദിശ പട്ടാണിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അടുത്ത വർഷം പകുതിയോടെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ്. എന്ത് തന്നെയായാലും വരാനിരിക്കുന്നത് ഇന്ത്യൻ സിനിമ കാണാൻ പോവുന്ന വിസ്മയം തന്നെയാണ് എന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.