രാഹുല്‍ ദ്രാവിഡുമായി ഇനി മുന്നോട്ടില്ല, പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ദേശീയ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനായുള്ള തിരച്ചില്‍ ഔദ്യോഗികമായി ആരംഭിച്ചു. ബുധനാഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ മാസത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കാനിരിക്കുന്നതിനാലാണ് ഈ നീക്കം.

‘രാഹുലിന്റെ കാലാവധി ജൂണ്‍ വരെ മാത്രമാണ്. അതിനാല്‍ അദ്ദേഹത്തിന് അപേക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്,’ ബിസിസിഐ സെക്രട്ടറി പറഞ്ഞു. ബാറ്റിംഗ്, ബോളിംഗ്, ഫീല്‍ഡിംഗ് കോച്ചുകള്‍ തുടങ്ങിയ കോച്ചിംഗ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കും.

വിദേശ പരിശീലകനാകാനുള്ള സാധ്യതയും ഷാ തള്ളിക്കളഞ്ഞില്ല.’പുതിയ കോച്ച് ഇന്ത്യക്കാരനാണോ വിദേശിയാണോ എന്ന് ഞങ്ങള്‍ക്ക് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. അത് CAC ആണ് തീരുമാനിക്കുന്നത്. ഞങ്ങള്‍ ഒരു ആഗോള ബോഡിയാണ്,’ ബിസിസിഐ അറിയിച്ചു.

വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്കായി ബോര്‍ഡ് വ്യത്യസ്ത പരിശീലകരെ പരിഗണിക്കില്ലെന്നും സൂചന നല്‍കി. പുതിയ പരിശീലകനെ ദീര്‍ഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് തുടരുമെന്നും ഷാ സ്ഥിരീകരിച്ചു.

Read more