'അർബുദത്തെ അതിജീവിച്ചവരെ അപമാനിച്ചു' ; പൂനം പാണ്ഡെയ്ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം !

സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചെന്ന് പ്രചരിപ്പിക്കുകയും പിന്നീട് തിരുത്തുകയും ചെയ്ത നടി പൂനം പാണ്ഡെയ്ക്കെതിരെ കേസെടുക്കണെമെന്ന് ആവശ്യം. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ സത്യജീത് താംബെ ആണ് കർശന നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. പൂനം പാണ്ഡെയ്ക്കെതിരെ മുംബൈ പോലീസ് കേസ് എടുക്കണം എന്നാണ് ആവശ്യം.

സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു എന്നത് പ്രചരിപ്പിക്കുന്നത് അവബോധം സൃഷ്ടിക്കാനുള്ള മാർഗ്ഗമല്ലെന്ന് സത്യജീത് താംബെ ചൂണ്ടിക്കാട്ടി. അവബോധം സൃഷ്ടിക്കുന്നതിന് പകരം നടിയിലേക്ക് ശ്രദ്ധ തിരിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. അവബോധം വളർത്തുന്നതിനു പകരം, കാന്‍സറിനെ അതിജീവിച്ചവരെ അപമാനിക്കുകയാണ് നടി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെർവിക്കൽ കാൻസർ ചർച്ചയാക്കാൻ വേണ്ടി മരണവാർത്ത സൃഷ്ടിച്ച നടി പൂനം പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് എ.ഐ.സി.ഡബ്ല്യൂ.എയും ആവശ്യപ്പെട്ടിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടി നടി ചെയ്തത് തെറ്റാണെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് എത്തിയത്. എന്നാൽ ഇന്നലെ തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് വ്യക്തമാക്കി നടി ലൈവിലെത്തി.

സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും പൂനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി. ”എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാന്‍ വേദനിപ്പിച്ച എല്ലാവര്‍ക്കും മാപ്പ്.”

”സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു” എന്നാണ് പൂനം പാണ്ഡെ പറയുന്നത്.

അതേസമയം, പൂനം പാണ്ഡെയുടെ മരണവാര്‍ത്ത ബോളിവുഡില്‍ സംശയത്തോടെയാണ് കണ്ടത്. പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും അവരുടെ നാടകമാണിത് എന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ജനുവരി 29 വരെ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂര്‍ണ ആരോഗ്യവതിയായാണ് പൂനം പാണ്ഡെ കാണപ്പെട്ടത്. മാത്രമല്ല, ഇവരുടെ മരണത്തെ കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുരട്ടാഹ് വന്നിരുന്നില്ല . ഇതോടെ മരണവാര്‍ത്തയെ സംശയത്തോടെയാണ് ആളുകള്‍ നോക്കി കണ്ടത്.