പാലാരിവട്ടം എന്ന പഞ്ചവടിപ്പാലം, ദുശ്ശാസന കുറുപ്പുമാര്‍ ഇന്നും ജീവിച്ചിരിക്കുന്നു: എം.എ നിഷാദ് - കുറിപ്പ്

പാലാരിവട്ടം പാലം വിഷയത്തില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിമര്‍ശിച്ച് സംവിധായകന്‍ എം.എ നിഷാദ്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നിഷാദിന്റെ വിമര്‍ശനം. ലീഗിലെ പാവം അണികളെ പറഞ്ഞ് പറ്റിക്കുന്നത് പോലെ പൊതു സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തരുതെന്ന് നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പാലം പുതുക്കി പണിയാനുളള സര്‍ക്കാര്‍ തീരുമാനത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് നിഷാദിന്റെ വിമര്‍ശനം.

കുറിപ്പിന്റെ പൂര്‍ണരൂപം…

ഇനി ഒരു പാലം കഥ… ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വേണ്ടേ…അതാണല്ലോ പണ്ടേ പറയുന്ന ചൊല്ല്. അത് ശരി തന്നെയാണ് എന്താ സംശയം,പക്ഷെ ഇട്ട പാലത്തില്‍ പൊതു ജനങ്ങള്‍ക്ക് ഉതകിയില്ല എന്ന് മാത്രം. കാര്യം നമ്മുടെ നികുതി പണം കൊണ്ട് നിര്‍മ്മിച്ചതാണെങ്കിലും അതൊക്കെ ആര് നോക്കുന്നു. പാലം ഇട്ട കോണ്ട്രാക്ടര്‍ക്കും,മന്ത്രിക്കും,കൂട്ടാളികള്‍ക്കുമാത്രം അങ്ങോട്ടും ഇങ്ങോട്ടുമായി. അപ്പോള്‍ പറഞ്ഞ് വന്നത്, പാലത്തിന്റെ കാര്യമാ. നമ്മുടെ പാലാരിവട്ടം എന്ന പഞ്ചവടി പാലത്തിന്റെ പണ്ട് വളരെ പണ്ട് K G ജോര്‍ജ്ജ് സാര്‍ സംവിധാനം ചെയ്ത ഒരു മനോഹര ചിത്രമായിരുന്നു പഞ്ചവടി പാലം. അതില്‍ യശ്ശശരീരനായ ഭരത് ഗോപി അവതരിപ്പിച്ച അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ്‌റ് ദുശ്ശാസന കുറുപ്പിന്റ്‌റെ കഥാപാത്രം ഇന്നും ജീവിച്ചിരിക്കുന്നു. പല രൂപത്തിലും ഭാവത്തിലും. സിനിമയില്‍ പഞ്ചവടി പാലം പൊളിഞ്ഞ് വീഴുന്നുണ്ട്. ഭാഗ്യത്തിന് പാലാരിവട്ടം എന്ന പഞ്ചവടിപാലം പൊളിഞ്ഞ് വീഴുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കൊണ്ട് പാലം പുതുക്കി പണിയാന്‍ തീരുമാനമായി. കൊച്ചിക്കൊര് രക്ഷപ്പെട്ടു. ദുശ്ശാസനകുറുപ്പുമാര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ പ്രസ്താവനകള്‍ ഇറക്കുന്നു..

മിസ്റ്റര്‍ കുഞ്ഞ് അഥവാ ഇബ്രാഹിം കുഞ്ഞെന്ന ദുശ്ശാസനകുറുപ്പിന്റെ പ്രസ്താവനയാണ് എന്നെ ഹഠാകര്‍ഷിച്ചത്. അദ്ദേഹം പാലം പുതുക്കി പണിയാനുളള സര്‍ക്കാര്‍ തീരുമാനത്തിനെ സ്വാഗതം ചെയ്യുന്നുവത്രേ. ശ്ശോ ഭയങ്കര സംഭവം തന്നെ…മിസ്റ്റര്‍ കുഞ്ഞ് , താങ്കള്‍ മുസ്‌ളീംലീഗിലെ പാവം അണികളെ പറഞ്ഞ് പറ്റിക്കുന്നത് പോലെ പൊതു സമൂഹത്തേ നോക്കി കൊഞ്ഞനം കുത്തരുത്…പാലത്തിലൂടെ സഞ്ചരിക്കുന്നവരില്‍ നിങ്ങളുടെ പാര്‍ട്ടിയിലെ പാവം അണികളുമുണ്ടാകും…ബിരിയാണി ചെമ്പും പൊട്ടിച്ച്,ബെന്‍സ് കാറിലും കേറി,മീറ്റിംഗ്,ഈറ്റിംഗ് ആന്റ്റ് ചീറ്റിംഗ് എന്ന നിങ്ങളുടെ സ്ഥിരം കലാപരിപാടികളുണ്ടല്ലോ …സമുദായത്തിലെ വരേണ്യവര്‍ഗ്ഗത്തിന്റ്‌റെ ഹുങ്കും,നെഗളിപ്പും,അതിനി വിലപോവില്ല…ഏണീ കേറി സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന് പാവങ്ങളെ പറഞ്ഞ് പറ്റിക്കുന്ന പഴയ അടവുകള്‍ മാറ്റി പിടിക്കണം..കാരണം സമുദായത്തിലെ പുതുതലമുറയിലെ കുട്ടികള്‍ക്ക് പഠിപ്പും വിവരവും വെച്ചു…അവര്‍ നിങ്ങളെ ചോദ്യ ശരങ്ങളാല്‍ മുള്‍മുനയില്‍ നിര്‍ത്തും…മിസ്റ്റര്‍ കുഞ്ഞേ നിങ്ങളേ പോലുളളവര്‍ സമ്പാദിച്ച് കൂട്ടിയ ഈ കണ്ട സ്വത്തുക്കളുടെ സ്രോതസ്സ്,വിജിലന്‍സ് മാത്രമല്ല..നിങ്ങളുടെ അണികളും ചോദിച്ച് തുടങ്ങും..ഉത്തരം പറഞ്ഞേ പറ്റു..അതില്‍ പാലാരിവട്ടം പാലം ഒരു നിമിത്തമായീ എന്ന് മാത്രം…ഉദ്യോഗസ്തരുടെ തലയില്‍ വെച്ച് രക്ഷപ്പെടാന്‍ നോക്കുന്ന കാലഹരണപ്പെട്ട തന്ത്രങ്ങള്‍,ഇരുന്ന് തുരുമ്പിക്കത്തേയുളളൂ…
പാലത്തിന്റ്‌റെ വിളളലുകളും,ബലക്ഷയവും കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍,ഒരു മഹാ വിപത്തിന് കൊച്ചി സാക്ഷ്യം വഹിക്കേണ്ടി വന്നേനെ….ഒരു കാര്യം കുറിച്ചിട്ടോളൂ..ഇത്തരം ദുശ്ശാസന കുറുപ്പുകള്‍ക്ക് കാലം മാപ്പ് തരില്ല…

NB: ഈ വിഷയത്തില്‍ ഇതിന് മുമ്പ് പലരും പ്രതികരിച്ചത് കൊണ്ട് മാത്രം അഭിപ്രായം പറയാത്തതായിരുന്നു..പക്ഷെ നമ്മളെ ഒക്കെ വിഡ്ഡികളാക്കികൊണ്ട്,മുന്‍ മന്ത്രിയുടെ വളരെ ലാഘവത്തോടെയുളള പ്രസ്താവന കണ്ടപ്പോള്‍,ഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കില്‍,ഉറക്കം വരില്ല…കാരണം എന്നും ആ വഴിക്കാണ് സഞ്ചരിക്കാറുളളത്…ഒന്ന് കൂടി പാലാരിവട്ടം പാലത്തിന്റ്‌റെ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയേ ക്രൂശില്‍ തറക്കാന്‍ ഞാന്‍ തയ്യാറല്ല…