ഡീഗ്രേഡിംഗിന് പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് വിശ്വസിക്കുന്നില്ല, ഒടിയന് ശേഷവും മമ്മൂട്ടി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്: എം.പദ്മകുമാര്‍

മാമാങ്കം സിനിമയ്‌ക്കെതിരെ നടക്കുന്ന ഡിഗ്രേഡിംഗിന് പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് വിശ്വസിക്കുന്നില്ലെന്ന് സംവിധായകന്‍ എം. പദ്മകുമാര്‍. വിവാദങ്ങള്‍ സിനിമാ നിര്‍മാണത്തെയും സര്‍ഗാത്മകതയേയും ബാധിച്ചിട്ടില്ലെന്നും പരാമാവധി മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പദ്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

“സോഷ്യല്‍ മീഡിയയില്‍ സിനിമയെ താറടിച്ചുകാട്ടുന്നത് ആസൂത്രണത്തിന്റെ ഭാഗമാണ്. ഒടിയന് ശേഷം കാത്തിരുന്ന ചിത്രമാണ് മാമാങ്കം എന്നുപറയുന്ന ഒരു വോയിസ് ക്ലിപ്പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍ ഒടിയന് ശേഷം മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതിനൊന്നുമില്ലാത്ത ഡീഗ്രേഡിങാണ് മാമാങ്കത്തിനോടുള്ളത്. ഇതിന്റെ പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. സോഷ്യല്‍ മീഡിയയിലുള്ള ചില കുബുദ്ധികള്‍, മനോരോഗികളാണ് സിനിമയ്‌ക്കെതിരെ ഇങ്ങനെ ആരോപണങ്ങള്‍ പടച്ചുവിടുന്നത്. ഇന്നലെ ഇന്നുമായിട്ട് നല്ല റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. അതുകാരണം ഈ ഡീഗ്രേഡ്‌ചെയ്യുന്നവര്‍ക്ക് അധികദിവസമൊന്നും പിടിച്ചുനില്‍ക്കാനാകില്ല. അവര്‍ക്ക് പിന്‍മാറിയേ പറ്റൂ.”

“സിനിമയെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സൈബര്‍ സെല്ലിനെതിരെ പരാതി കൊടുത്തുന്നുണ്ട്. എന്നാല്‍ അതിന്റെ പിന്നാലെ അധികം നടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവര്‍ തനിയെ പിന്‍മാറുമെന്ന് തന്നെയാണ് വിശ്വാസം.” പദ്മകുമാര്‍ പറഞ്ഞു. അതേ സമയം ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയ്ക്ക് നീക്കം തുടങ്ങി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് നല്‍കിയ പരാതിയില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തവരും പ്രതിയാകും.