ഈ റോള്‍ കിട്ടാന്‍ സംവിധായകന് എന്തു കൊടുത്തു എന്ന് മമ്മൂക്ക ചോദിച്ചു.. അദ്ദേഹത്തിന്റെ ആഗ്രഹവും പറഞ്ഞു: കോട്ടയം നസീര്‍

നിസാം ബഷീറിന്റെ സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്’ ഇന്ന് റിലീസ് ചെയ്യുകയാണ്. ഈ പശ്ചാത്തലത്തില്‍ റോഷാക്കിന്റെ സെറ്റില്‍ വച്ച് മമ്മൂട്ടി തന്നോട് ചോദിച്ച രണ്ട് ചോദ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ കോട്ടയം നസീര്‍. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായാണ് കോട്ടയം നസീര്‍ വേഷമിടുന്നത്.

ഈ റോള്‍ കിട്ടാന്‍ താന്‍ എന്താണ് സംവിധായകന്‍ നിസാമിന് കൊടുത്തത് എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഈ സിനിമയിലെ തന്റെ കാരക്ടര്‍ മമ്മൂക്കയ്ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നതാണ് രണ്ടാമത്തേത്. ഈ കഥാപാത്രം കിട്ടിയതില്‍ തന്റെ ഏറ്റവും വലിയ സന്തോഷം ഇതൊക്കെയാണ് എന്നാണ് നസീര്‍ പറയുന്നത്.

അതേസമയം, മമ്മൂക്കയുടെ ഒരു സിനിമയെ ആസ്പദമാക്കി ചിത്രം വരയ്ക്കാന്‍ പറഞ്ഞാല്‍ ഏത് തിരഞ്ഞെടുക്കും എന്നതിനെ കുറിച്ചും കോട്ടയം നസീര്‍ പറഞ്ഞു. ‘അമരം’ ആയിരിക്കും തിരഞ്ഞെടുക്കുക എന്നാണ് നടന്‍ പറയുന്നത്. പെയിന്റിങ് വിഷ്വല്‍ ചെയ്യാന്‍ ഒരുപാട് സാധ്യതകളുള്ള സിനിമയാണത്.

കടലും വള്ളവുമെല്ലാം ചേര്‍ന്ന് വരച്ചാല്‍ നല്ല ഭംഗിയായിരിക്കും എന്നും നസീര്‍ പറഞ്ഞു. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന റോഷാക്കില്‍ ഷറഫുദ്ദീന്‍, സഞ്ജു ശിവറാം, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സമീര്‍ അബ്ദുള്ള ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.