ഒരു സ്ത്രീക്ക് എത്ര ഭാരമുണ്ട് എന്നുള്ളത് വിഷയമേയല്ല, നാണക്കേട്.. ബഹുമാനം കൊടുക്കാനും പഠിക്കണം: ഖുശ്ബു

നടി ഗൗരി കിഷനോടുണ്ടായ ബോഡി ഷെയ്മിങ് ചോദ്യത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദര്‍. ചില മാധ്യമപ്രവര്‍ത്തകര്‍ ഈ രംഗത്തെ മോശമാക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തനം അതിന്റെ നിലവാരം നഷ്ടപ്പെടുത്തിയെന്നും ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”ഒരു സ്ത്രീക്ക് എത്ര ഭാരമുണ്ട് എന്നുള്ളത് അവരുടെ വിഷയമേയല്ല. നായികയുടെ ഭാരത്തെ കുറിച്ച് നായകനോട് ചോദിച്ചിരിക്കുന്നു. ലജ്ജാകരം. തന്റെ നിലപാടില്‍ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഗൗരി കിഷന്‍ ധീരമായ നിലപാടാണ് സ്വീകരിച്ചത്. ബഹുമാനം ഒരിക്കലും അങ്ങോട്ട് മാത്രം നല്‍കേണ്ടതല്ല, ബഹുമാനം കിട്ടണമെന്നുണ്ടെങ്കില്‍ അത് കൊടുക്കാന്‍ പഠിക്കണം” എന്നാണ് ഖുശ്ബു കുറിച്ചത്.

അതേസമയം, അദേഴ്‌സ് എന്ന തമിഴ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് യൂട്യൂബര്‍ ഗൗരിക്കെതിരെ ശബ്ദം ഉയര്‍ത്തിയത്. ചിത്രത്തിലെ ഗാനരംഗത്തില്‍ നായകന്‍ ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്. ഈ സീന്‍ ചെയ്തപ്പോള്‍ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബര്‍ നായകനോട് ചോദിച്ചത്.

ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നല്‍കി. മാത്രവുമല്ല താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നത് ജേര്‍ണലിസമല്ലെന്നും നടി യൂട്യൂബറോട് പറയുന്നുണ്ട്. ആദ്യഘട്ടത്തില്‍ പ്രതികരിക്കാന്‍ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ റിലീസ് അഭിമുഖത്തില്‍ തനിക്ക് ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു.

Read more

തുടര്‍ന്ന് സിനിമയുടെ പ്രസ് മീറ്റിങ്ങിന് ശേഷം നടന്ന ചോദ്യോത്തരവേളയില്‍ ഈ ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ ഈ വിഷയം ന്യായീകരിച്ചു കൊണ്ട് വീണ്ടും ശബ്ദമുയര്‍ത്തിയതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു. ഇത് ബോഡി ഷെയ്മിങ് ആണെന്ന നിലപാടില്‍ ഗൗരി ഉറച്ചു നില്‍ക്കുകയായിരുന്നു.