ആ കസേരയിലേക്ക് അക്ഷരാര്‍ഥത്തില്‍ ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി.. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നടന്‍: രാജമൗലി

താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മികച്ച നടനാണ് പൃഥ്വിരാജ് എന്ന് സംവിധായകന്‍ എസ്എസ് രാജമൗലി. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘എസ്എസ്എംബി 29’ ചിത്രത്തില്‍ കുംഭ എന്ന വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ പൃഥ്വിയുടെ ക്യാരക്ടര്‍ റോള്‍ പുറത്തുവിട്ടിരിക്കുകയാണ് രാജമൗലി.

”പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂര്‍ത്തിയാക്കിയ ശേഷം, ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു, ‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് താങ്കള്‍. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകന്‍ കുംഭിന് നിങ്ങള്‍ ജീവന്‍ നല്‍കുന്നത് വളരെ സംതൃപ്തി നല്‍കുന്ന അനുഭവമായിരുന്നു.”

”ആ കസേരയിലേക്ക് അക്ഷരാര്‍ഥത്തില്‍ ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി” എന്നാണ് രാജമൗലിയുടെ വാക്കുകള്‍. ഒരു റോബട്ടിക് വീല്‍ ചെയറില്‍ ഇരിക്കുന്ന പൃഥ്വിയെ പോസ്റ്ററില്‍ കാണാം. പൃഥ്വിയുടെ കഥാപാത്രമായ കുംഭ ഭ്രാന്തനായ ശാസ്ത്രജ്ഞന്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. രാജമൗലിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജ് പോസ്റ്റര്‍ പുറത്തുവിട്ടത്.

”കുംഭയെ അവതരിപ്പിക്കുന്നു… ഞാന്‍ ഇതുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രം. മഹേഷ് ബാബു, നിങ്ങള്‍ക്കായി ഞാന്‍ തയ്യാറാണ്. പ്രിയങ്ക ചോപ്ര കളി ആരംഭിച്ചു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി” എന്നാണ് പൃഥ്വിരാജിന്റെ കുറിപ്പ്.

Read more

2028ല്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.