എന്തുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തത്?; കാരണം വ്യക്തമാക്കി കീര്‍ത്തി സുരേഷ്

അറുപത്തിയാറാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളത്തിന്റെ പ്രിയ നടി കീര്‍ത്തി സുരേഷാണ്. തെലുങ്കു ചിത്രം മഹാനടിയിലെ പ്രകടനത്തിനാണ് കീര്‍ത്തിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. തമിഴിലും തെലുങ്കിലും സജീവമാണെങ്കിലും കീര്‍ത്തിയെ മലയാള സിനിമയില്‍ കണ്ടിട്ട് ഏറെ നാളായി. അതിന് എന്താണ് കാരണമെന്ന് കീര്‍ത്തി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

“തമിഴിലെയും തെലുങ്കിലെയും തിരക്കുകാരണമാണ് മലയാളത്തില്‍ അഭിനയിക്കാന്‍ കഴിയാത്തത്. മലയാളത്തില്‍ മരയ്ക്കാറാണ് അടുത്ത ചിത്രം. ദേശീയ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദിത്വമാണ് നല്‍കുന്നത്. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം” കീര്‍ത്തി പറഞ്ഞു.

മഹാനടിയില്‍ സാവിത്രിയുടെ കഥാപാത്രം സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ നാഗു, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത, നിര്‍മാതാവ്, അണിയറ പ്രവര്‍ത്തകര്‍ ഇവരൊക്കെ തന്ന പിന്തുണകൊണ്ടാണ് കഥാപാത്രത്തെ മികച്ചരീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്നും കീര്‍ത്തി പറഞ്ഞു.