ആ പയ്യന്‍ എന്നെ മോശമായി സ്പര്‍ശിച്ചു; ദുരനുഭവം തുറന്നുപറഞ്ഞ് കങ്കണ റണൗട്ട്

 

തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവം തുറന്നുപറഞ്ഞ് നടി കങ്കണ റണൗട്ട്. താന്‍ അവതാരകയായെത്തുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. കുട്ടികള്‍ക്ക് മോശമായ രീതിയില്‍ സ്പര്‍ശനമേല്‍ക്കേണ്ടി വരുന്നുണ്ട്. ചെറുപ്പത്തില്‍ എനിക്കും സംഭവിച്ചിട്ടുണ്ട്.

നാട്ടില്‍ത്തന്നെയുള്ള ഒരു പയ്യന്‍ എന്നെ മോശം രീതിയില്‍ സ്പര്‍ശിക്കുമായിരുന്നു. കുട്ടിയായതുകൊണ്ട് അന്ന് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞില്ല. കുടുംബം എത്ര കരുതിയാലും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കുട്ടികള്‍ക്ക് കടന്നുപോകേണ്ടിവരുന്നുണ്ട്

പ്രതിവര്‍ഷം നിരവധി കുട്ടികള്‍ക്കാണ് മറ്റുള്ളവരില്‍ നിന്ന് ലൈംഗിക ചുവയോടെയുള്ള പെരുമാറ്റങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് കങ്കണ പറഞ്ഞു. പക്ഷേ പലരും ഇത് പൊതു ഇടത്തില്‍ തുറന്നുപറയാന്‍ തയ്യാറാവുന്നില്ല.’-കങ്കണ പറഞ്ഞു.

ആറു വയസ്സുള്ളപ്പോള്‍ ലൈംഗികപീഡനം ഏല്‍ക്കേണ്ടിവന്നുവെന്ന് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി വെളിപ്പെടുത്തിയപ്പോഴാണ് തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നതെന്ന കങ്കണ പറഞ്ഞത്.