ബിസിനസ് മീറ്റിംഗില്‍ പങ്കെടുക്കുന്നതു പോലെയാണ് അപ്പു കുഞ്ഞിനോട് പെരുമാറിയത്, എന്നാല്‍ റൊമാന്‍സ് എളുപ്പമാണ് കല്യാണി പ്രിയദര്‍ശന്‍

പ്രണവ് മോഹന്‍ലാലിനൊപ്പം റൊമാന്‍സ് ചെയ്യാന്‍ എളുപ്പമാണെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. എന്നാല്‍ പ്രണവിന് കുഞ്ഞുങ്ങളെ കൊഞ്ചിക്കാനാവില്ലെന്നും കല്യാണി പറയുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ചിത്രത്തിന്റെ വിശേഷങ്ങളാണ് കല്യാണി അവതാരക രേഖയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്.

ഹൃദയത്തില്‍ തങ്ങള്‍ക്ക് ഒരു മകന്‍ ഉണ്ട്. തനിക്കും പ്രണവിനും കുഞ്ഞുങ്ങളെ കൊഞ്ചിച്ച് വലിയ ശീലമില്ല. അതിനാല്‍ കുഞ്ഞിനെ കുറച്ച് നാള്‍ കൈയ്യില്‍ കൊണ്ടു നടന്ന് കൊഞ്ചിച്ച് ഒരു ബോണ്ട് ഉണ്ടാക്കേണ്ടി വന്നിരുന്നു. ഇടയ്ക്ക് കാരവാനിലേക്ക് കുഞ്ഞിനെ കൊണ്ടുവരും.

എന്നാല്‍ നമ്മളൊന്നും കുഞ്ഞിനെ കൊഞ്ചിക്കുന്ന പോലെയല്ല പ്രണവ് കൊഞ്ചിക്കുക. കുഞ്ഞിനെ ആദ്യമായി കാരവാനിലേക്ക് കൊണ്ടുവന്ന നിമിഷം കുഞ്ഞിന് ഹായ് ഒക്കെ പറഞ്ഞ് വളരെ ഫോര്‍മല്‍ ആയിട്ടാണ് അപ്പു പെരുമാറിയത്.

അത് കാണുമ്പോള്‍ അവന്‍ എന്തെങ്കിലും ബിസിനസ് മീറ്റിംഗില്‍ പങ്കെടുക്കുകയാണോ എന്ന് തോന്നും. താന്‍ ഇതുവരെ റൊമാന്‍സ് ചെയ്തതില്‍ ഏറ്റവും ഏളുപ്പം ചെയ്തത് പ്രണവിനൊപ്പമാണ്. മുന്‍ പരിചയം ഉള്ളതിനാല്‍ ആ കെമിസ്ട്രി നന്നായി വര്‍ക്കായി എന്ന് തനിക്ക് തോന്നിയിരുന്നു.

വിനീതേട്ടന്റെ മുഖത്ത് നിന്നും അത് വായിച്ചെടുക്കാമായിരുന്നു എന്ന് കല്യാണി പറയുന്നു. അതേസമയം, പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയിലും കല്യാണി നായികയായിരുന്നു. ചിത്രത്തില്‍ സീനിയര്‍ താരങ്ങള്‍ ആയതിനാല്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഉള്ളില്‍ ഒരു ഭയമുണ്ടായിരുന്നുവെന്നും കല്യാണി വ്യക്തമാക്കി.