അന്നൊരു നൗഷാദ് ജീവന്‍ ത്യജിച്ചു, ഇന്നൊരു നൗഷാദ് വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു: ജോയി മാത്യു

കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന പുതുവസ്ത്രങ്ങള്‍ ദുരിത ബാധിതര്‍ക്കായ് നല്‍കി കേരള ജനതയുടെ പ്രശംസ ഏറ്റുവാങ്ങുകയാണ് ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദ്. മാലിപ്പുറം സ്വദേശി പി എം നൗഷാദിനെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് നടന്‍ ജോയി മാത്യു. മനുഷ്യര്‍ക്ക് സന്തോഷം നല്‍കാന്‍ കഴിയുന്ന നൗഷാദുമാരാകാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് ബലിപെരുന്നാള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജോയി മാത്യു ആശംസിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്…

എല്ലാവരും നൗഷാദുമാര്‍ ആകുന്ന കാലം

‘2015 ല്‍ കോഴിക്കോട്ടെ മാന്‍ഹോളില്‍ കുടുങ്ങിയ ഒരു തൊഴിലാളിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച ഒരു നൗഷാദ് ഉണ്ടായിരുന്നു. 2019ല്‍ ഇതാ എറണാംകുളം ബ്രോഡ് വയിലെ തുണി കച്ചവടക്കാരന്‍ മാലിപ്പുറം കാരന്‍ നൗഷാദ് തന്റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളും പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്‍കി വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായിമാറിയിരിക്കുന്നു.’

‘നൗഷാദ് എന്നാല്‍ സന്തോഷം നല്‍കുന്നവര്‍ എന്നാണര്‍ത്ഥം. സ്വന്തം ത്യാഗത്തിലൂടെ മനുഷ്യര്‍ക്ക് സന്തോഷം നല്‍കാന്‍ കഴിയുന്ന നൗഷാദുമാരാകാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നു ഈ ബലിപെരുന്നാള്‍ ദിനത്തില്‍ ആശംസിക്കുന്നു.’ ജോയി മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.