റിവ്യൂ ബോംബിംഗ് പാടേ അവഗണിക്കാന്‍ സാധിക്കില്ല, ഇത് ഗുണവും ദോഷവുമാണ്: ഇന്ദ്രന്‍സ്

റിവ്യൂ ബോംബിംഗിനെ കുറിച്ച് പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. നല്ല സിനിമകളെ താറടിച്ചു കാണിക്കാനും അതേ സിനിമകളെ കൂടുതല്‍ മേന്മയുള്ളതാക്കാനും റിവ്യൂ ബോംബിങ് സമ്പ്രദായം ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

റിവ്യൂ ബോംബിങ്ങിനെ പാടേ അവഗണിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിര്‍മാതാക്കള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന മോശം പ്രവണത കാണാതിരുന്നു കൂടെ എന്നാണ് ഇന്ദ്രന്‍സ് ചോദിക്കുന്നത്. തിയേറ്ററുകളില്‍ നിന്ന് മലയാള സിനിമകള്‍ ഒ.ടി.ടി വഴി വീട്ടകങ്ങളിലേക്ക് മാറുമ്പോള്‍ കൂടുതല്‍ ജനകീയമാവുകയാണ്.

നല്ല സിനിമകള്‍ക്ക് പഞ്ഞമില്ലാത്ത കാലത്ത് ഈ രംഗത്ത് ജീവിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമാണ് എന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. 42 വര്‍ഷത്തില്‍ 600ലേറെ സിനിമകളില്‍ അഭിനയിക്കാനും 100ലേറെ സിനിമകളില്‍ സ്വതന്ത്രമായി വസ്ത്രാലങ്കാരം നിര്‍വഹിക്കാനും സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും നടന്‍ വ്യക്തമാക്കി.

മടിക്കൈ പ്രവാസി അസോസിയേഷന്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഷാര്‍ജില്‍ എത്തിയപ്പോഴാണ് ഇന്ദ്രന്‍സ് സംസാരിച്ചത്. അതേസമയം, റിവ്യൂ ബോബിങ്ങിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സിനിമാപ്രവര്‍ത്തകരുടെ നീക്കം.