'ആ നായകനാണെങ്കിൽ ഞാനില്ല', ഒരു കോടി പ്രതിഫലം നൽകാമെന്ന് പറഞ്ഞപ്പോൾ ഇല്യാനയുടെ മനസ് മാറി; തുറന്ന് പറഞ്ഞ് നിർമ്മാതാവ്

തെന്നിന്ത്യന്‍- ബോളിവുഡ് സിനിമാ മേഖലകളിലെ നിറസാന്നിദ്ധ്യമാണ് നടി ഇല്യാന ഡിക്രൂസ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇവര്‍ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ നടിയെക്കുറിച്ച് ടോളിവുഡിലെ പ്രമുഖ നിർമാതാവ് ബെല്ലംകൊണ്ട സുരേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ബെല്ലംകൊണ്ട സുരേഷിൻറെ ഭാലെ ദൊംഗലു എന്ന ചിത്രത്തിൽ ഇല്യാന നായികയായിട്ടുണ്ട്. തരുൺ കുമാറായിരുന്നു ചിത്രത്തിലെ നായകൻ. 2008 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. കാസ്റ്റിംഗിനായി സമീപിച്ചപ്പോൾ ഇല്യാനക്ക് ആദ്യം ഈ സിനിമയിൽ താൽപര്യമില്ലായിരുന്നെന്നാണ് നിർമാതാവ് പറയുന്നത്. ആരാണ് ഹീറോ എന്ന് ചോദിച്ചപ്പോൾ തരുൺ കുമാർ ആണെന്ന് പറഞ്ഞു. തരുൺ ആണെങ്കിൽ അഭിനയിക്കില്ലെന്ന് ഇല്യാന പറഞ്ഞു.

അക്കാലത്ത് തരുൺ കരിയറിൽ പരാജയങ്ങൾ നേരിടുകയാണ്. നടിയെക്കൊണ്ട് സമ്മതിക്കാൻ ഏറെ ശ്രമിക്കേണ്ടി വന്നെന്നും നിർമാതാവ് പറഞ്ഞു. ആ സമയത്ത് തെലുങ്കിൽ ഒരു നായികയ്ക്കും ഒരു കോടി രൂപ പ്രതിഫലം ലഭിച്ചിരുന്നില്ല. ഈ സിനിമ ചെയ്‌താൽ ഒരു കോടി രൂപ പ്രതിഫലം തരാമെന്ന് താൻ പറഞ്ഞു. ഇതോടെ ഇല്യാന ഉടനെ അഭിനയിക്കാൻ തയ്യാറായെന്ന് നിർമാതാവ് ബെല്ലംകൊണ്ട് സുരേഷ് പറയുന്നു.

പോക്കിരി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ടോളിവുഡിൽ ഏറ്റവും വിലപിടിപ്പുള്ള നായിക നടിയായിരുന്ന ഇല്യാന, ഗ്ലാമറസ് റോളുകളിൽ നടി തിളങ്ങി. എന്നാൽ ഒരു ഘട്ടത്തിൽ തെലുങ്ക് ചിത്രങ്ങളിൽ ഇല്യാനയെ കാണാതായി. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. നടിയെ തെലുങ്ക്, തമിഴ് സിനിമാ ലോകം വിലക്കിയാണെന്ന് ഗോസിപ്പുകൾ വന്നു. എന്നാൽ താരത്തിന് നേരെ ഔദ്യോഗികമായി വിലക്കുകളൊന്നും വന്നിരുന്നില്ല.

2012 ൽ ബർഫി എന്ന ചിത്രത്തിലൂടെയാണ് ഇല്യാന ബോളിവുഡിലേക്ക് വരുന്നത്. ഈ ചിത്രം വൻ ഹിറ്റായിരുന്നു. ഇതോടെ നടി തെന്നിന്ത്യൻ സിനിമകൾ കുറച്ചു. ഗ്ലാമറസ് വേഷങ്ങളല്ലാതെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ ഇല്യാനക്ക് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നും ലഭിച്ചിരുന്നില്ല. ഇതും നടി ടോളിവുഡിൽ നിന്ന് മാറി നിൽക്കാൻ കാരണമാണ്.