കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായി എത്തിയ ‘ലോക’ ആഗോളതലത്തിൽ 300 കോടി കളക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലോകയ്ക്കുശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചിരുന്നതായി പറയുകയാണ് നടി കല്യാണി പ്രിയദർശൻ.
അച്ഛൻ പ്രിയദർശൻ ആ സമയത്ത് തന്ന ഉപദേശമാണ് പ്രചോദനമായതെന്നും പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം എന്നാണ് അച്ഛൻ പറഞ്ഞതെന്നും കല്യാണി വ്യക്തമാക്കി. ലോകയുടെ യുകെ സക്‌സസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു കല്യാണി.
‘ലോകയ്ക്കുശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചിരുന്നു. ഇനിയെന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ സമയത്ത് അച്ഛൻ എനിക്കൊരു ഉപദേശം തന്നു. ‘ചിത്രം’ സിനിമ 365 ദിവസം തിയേറ്ററിൽ പ്രദർശനം തുടർന്നപ്പോൾ ഞാൻ വിചാരിച്ചു എല്ലാം നേടിയെന്ന്. അതിനു ശേഷമാണ് ‘കിലുക്കം’ റിലീസ് ചെയ്തത്. ഇതാണ് ഏറ്റവും വലിയ വിജയം എന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറി കൊണ്ടിരിക്കണം’ എന്നാണ് അച്ഛൻ പറഞ്ഞത്. ആ വാക്കുകൾ വലിയ പ്രചോദനമായി.’ എന്നും കല്യാണി വ്യക്തമാക്കി.
അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചാത്തനേയും ഒടിയനെയും ഉൾപ്പെടുത്തി ‘ലോക ചാപ്റ്റർ 2’ന്റെ വരവ് അറിയിച്ചുകൊണ്ടുള്ള വീഡിയോ ആണ് പുറത്തുവന്നത്.
ലോക ചാപ്റ്റർ 2 ചാത്തന്റെ വരവായിരിക്കുമെന്ന് ആദ്യമേ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ചാത്തന്റെ ചേട്ടനാണ് വരുന്നത്. ഇവർ തമ്മിലുള്ള കഥയായിരിക്കും ചിത്രമെന്ന സൂചനയാണ് വീഡിയോ നൽകുന്നത്. ചാത്തന്റെ ചേട്ടനായി ടോവിനോ തന്നെയാണ് വരുന്നത് എന്നും വിഡിയോയിൽ മനസിലാക്കാം. ‘ലോക’ യുടെ അവസാനഭാഗത്ത് ഈ കഥാപാത്രത്തെ കാണിച്ചിരുന്നു.








