ഏഴ് മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ആരാധകർക്ക് മുന്നിൽ മമ്മൂട്ടി എത്തിയതോടെ ആരാധകർ ആകാംക്ഷയിലാണ്. മഹേഷ് നാരായണൻ ചിത്രത്തിന്റെ സെറ്റിൽ എത്തിയ താരം ഇത് തന്റെ ജോലിയല്ലേയെന്നും എല്ലാം അറിയുന്നുണ്ട് പ്രാർത്ഥനകൾക്ക് എല്ലാം ഫലം കണ്ടെന്നും പറഞ്ഞു. സ്നേഹത്തിന്റെ പ്രാർത്ഥനയല്ലേ ഫലം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എല്ലാം ഞാൻ അറിയുന്നുണ്ട് പറയാൻ ബുദ്ധിമുട്ടണ്ട, മനസിലായി’ എന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. ‘പ്രാർത്ഥനകൾക്ക് എല്ലാം ഫലം കണ്ടു എന്ന് പറഞ്ഞാൽ മതിയാലോ. സ്നേഹത്തിന്റെ പ്രാർത്ഥനയല്ലേ ഫലം കിട്ടും. ഓർത്തവർക്കും സ്നേഹിച്ചവർക്കും നന്ദി’ എന്ന് മമ്മൂട്ടി പറഞ്ഞു.
ഏഴ് മാസത്തെ വിശ്രമത്തിന് ശേഷമാണ് മമ്മൂട്ടി മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ചിത്രത്തിൽ ജോയിൻ ചെയ്യാൻ എത്തിയത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന മമ്മൂട്ടി ഒക്ടോബർ ഒന്നിന് ഹൈദരാബാദിൽ എത്തുമെന്ന് ആന്റോ ജോസഫ് നേരത്തെ അറിയിച്ചിരുന്നു. സിനിമയിൽ നിന്നെടുത്ത ചെറിയ ഇടവേള ലോകമെമ്പാടുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിൻ്റെയും ബലത്തിൽ അതിജീവിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.








