കഥാപാത്രങ്ങളില്ലാത്തതു കൊണ്ടല്ല സംവിധായകരോട് ഇപ്പോഴും അവസരം ചോദിക്കുന്നത്: ആസിഫ് അലി

കരിയറിന്റെ തുടക്കത്തില്‍ ചെയ്ത വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് വിജയങ്ങള്‍ അകന്നു നിന്ന ഒരു കാലമുണ്ടായിരുന്നു ആസിഫ് അലിക്ക്. എന്നാലിപ്പോള്‍ പഴയ കാലമല്ല ആസിഫിന്. അടുത്തിറങ്ങിയ സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷക മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. പത്ത് വര്‍ഷം കൊണ്ട് 60 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ച താനിപ്പോഴും സിനിമയില്‍ ചാന്‍സ് ചോദിക്കുന്നയാളാണെന്നാണ് ആസിഫ് പറയുന്നത്.

“ഇപ്പോഴും സംവിധായകരോട് അവസരങ്ങള്‍ ചോദിക്കുന്നയാളാണ് ഞാന്‍. കഥാപാത്രങ്ങളില്ലാത്തത് കൊണ്ടല്ല അവസരം ചോദിക്കുന്നത്. ചില സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യണമെന്ന് തോന്നും. ചിലരുടെ സിനിമകള്‍ കാണുമ്പോള്‍ അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ തോന്നും. അത് സിനിമയോടുള്ള ഇഷ്ടം കാരണമാണ്. ലാല്‍ ജോസ്, അന്‍വര്‍ റഷീദ് എന്നിവരോട് സ്ഥിരമായി ചാന്‍സ് ചോദിക്കാറുണ്ട്. ആഷിഖ് അബുവിനോട് കഴിഞ്ഞ എട്ട് വര്‍ഷമായി ചാന്‍സ് ചോദിച്ചിട്ടാണ് വൈറസില്‍ ഒരു റോള്‍ നല്‍കിയത്. അതൊരു സന്തോഷമാണ്” ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

“കക്ഷി: അമ്മിണിപ്പിള്ള”യാണ് റിലീസിന് ഒരുങ്ങുന്ന പുതിയ ആസിഫ് ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ “ഉയരെ”യിലും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ “വൈറസിലും” ആസിഫ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.