'ഇവരുടെയൊക്കെ കൂടി വിയര്‍പ്പാണ് സിനിമ, അവര്‍ക്കെന്നാണ് അവാര്‍ഡ് പട്ടികയില്‍ ഇടം കിട്ടുക'; ഹരീഷ് പേരടി

രണ്ട് ദിവസം മുമ്പാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍(state film award) പ്രഖ്യാപിച്ചത്. മികച്ച നടനായി ജയസൂര്യയെ (jayasurya) തിരഞ്ഞെടുത്തപ്പോള്‍ നടിയായത് അന്ന ബെന്‍(anna ben) ആയിരുന്നു. നിരവധി പേരാണ് പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടി (hareesh peradi) പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സിനിമയിലെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചാണ് പോസ്റ്റ്.

സിനിമ സിനിമയാവണെമെങ്കില്‍ അവാര്‍ഡുകളുടെ പരിസരത്തു പോലും പേരുകള്‍ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനദ്ധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്. നല്ല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മാനേജേര്‍സ്, നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ ചീഫ്, നല്ല സിനിമാ യുണിറ്റ്, നല്ല ഫൈറ്റ് മാസ്റ്റര്‍, നല്ല സഹസംവിധായകര്‍, നല്ല ക്യാമറാ യുണിറ്റ്, നല്ല ഫോക്കസ് പുള്ളര്‍, നല്ല സ്റ്റുഡിയോ, നല്ല പിആര്‍ഒ ,നല്ല ഡ്രൈവര്‍മാര്‍, നല്ല ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്…ഇവരുടെയൊക്കെ വിയര്‍പ്പാണ് സിനിമയെന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ വാക്കുകള്‍

സിനിമ സിനിമയാവണെമെങ്കില്‍ അവാര്‍ഡുകളുടെ പരിസരത്തുപോലും പേരുകള്‍ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്…ഇവരില്ലെങ്കില്‍ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല…നല്ല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍,മാനേജേര്‍സ്,നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷന്‍ ചീഫ്,നല്ല സിനിമാ യുണിറ്റ്,നല്ല ഫൈറ്റ് മാസ്റ്റര്‍,നല്ല സഹസംവിധായകര്‍,നല്ല ക്യാമറായുണിറ്റ്,നല്ല ഫോക്കസ് പുള്ളര്‍,നല്ല സ്റ്റുഡിയോ,നല്ല PRO,നല്ല ഡ്രൈവര്‍മാര്‍, നല്ലജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്..

.ഇവരുടെയൊക്കെ വിയര്‍പ്പാണ് സിനിമ…ഇവര്‍ക്കൊക്കെ എന്നാണ് നിങ്ങളുടെ അവാര്‍ഡുകളുടെ സവര്‍ണ്ണ പട്ടികയില്‍ ഇടം കിട്ടുക…അതിന് Ac റൂമിലിരുന്ന് സിനിമകള്‍ വിലയിരുത്തുന്നതിനൊടൊപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിര്‍മ്മാണ മേഖലകളിലേക്കുകൂടി ഇറങ്ങി ചെല്ലണം…അപ്പോള്‍ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും…സിനിമയുടെ അംഗീകാരങ്ങള്‍ ഇവരൊക്കെ അര്‍ഹിക്കുന്നുണ്ട്…ഈ മേഖലയിലെ കുറച്ച് പേരുടെ ഫോട്ടോസ് പങ്കുവെക്കുന്നു..ഇനിയുമുണ്ട് ഒരു പാട് ചങ്കുകള്‍.