ഇടയ്ക്ക് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസാന നിമിഷം ആ സിനിമകളില്‍ നിന്നും മാറ്റി, എന്നാല്‍ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല: ഗൗതമി

സിനിമയില്‍ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഗൗതമി നായര്‍. താന്‍ അഭിനയം നിര്‍ത്തി എന്ന വ്യാജ പ്രചാരണം ഉണ്ടായിരുന്നതിനെ കുറിച്ചാണ് ഗൗതമി കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇനി അഭിനയിക്കില്ലെന്നോ സിനിമ നിര്‍ത്തിയെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് താരം പറയുന്നു.

മനപ്പൂര്‍വ്വമായി സിനിമയില്‍ നിന്നും ഇടവേള എടുത്തതായിരുന്നില്ല. ഇനി അഭിനയിക്കില്ലെന്നോ സിനിമ നിര്‍ത്തിയെന്നോ പറഞ്ഞിട്ടേയില്ല. വ്യാജ പ്രചാരണമായിരുന്നു അത്. ഇനി ഞാന്‍ അഭിനയിക്കില്ല എന്നാണ് സിനിമാ ലോകത്തുള്ളവര്‍ പോലും കരുതിയത്. അഭിനയത്തില്‍ സജീവമല്ലാതിരുന്ന സമയം പഠനത്തിലായിരുന്നു ശ്രദ്ധ.

എംഎസ്‌സി സൈക്കോളജിക്ക് ശേഷം പിഎച്ച്ഡി ചെയ്യുകയാണ് ഇപ്പോള്‍ എന്ന് ഗൗതമി പറഞ്ഞു. നല്ല അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കാനായിരുന്നു തീരുമാനിച്ചത്. ഇടയ്ക്ക് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. അതിന് ശേഷമാണ് മേരി ആവാസ് സുനോ എന്ന ചിത്രത്തിലേക്ക് വിളിച്ചത്.

അത്ഭുതത്തോടെയായിരുന്നു ആ ലൊക്കേഷനിലേക്ക് പോയത്. 5 വര്‍ഷത്തിന് ശേഷം വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെ പരിഭ്രമമുണ്ടായിരുന്നു. മഞ്ജു ചേച്ചിക്കൊപ്പമായിരുന്നു ആദ്യ ഷോട്ട്. നല്ല ടെന്‍ഷനുണ്ടായിരുന്നു ആ സമയത്ത്. ചേച്ചി ആ ടെന്‍ഷനൊക്കെ മാറ്റിത്തന്ന് തന്നെ കൂളാക്കുകയായിരുന്നു എന്നും ഗൗതമി വ്യക്തമാക്കി.