സിനിമയിൽ ആളുകൾക്ക് തന്നെ മടുത്തു കഴിയുമ്പോൾ ബാഴ്സലോണയിൽ ഊബർ ടാക്സി ഡ്രൈവറാകാനുളള ആഗ്രഹം ഇപ്പോഴും മനസിലുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. സിനിമയിൽ നിന്നും വിരമിച്ച ശേഷം തനിക്ക് ബാഴ്‌സലോണയിൽ ഊബർ ടാക്‌സി ഡ്രൈവറായി ജീവിക്കണമെന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരഭിമുഖത്തിലും ഫഹദ് പറഞ്ഞിരുന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ആഗ്രഹം വീണ്ടും തുറന്നുപറയുകയായിരുന്നു നടൻ.
അന്ന് പറഞ്ഞ ആഗ്രഹം ഇപ്പോഴും മനസിലുണ്ടോ എന്ന് അവതാരക ചോദിച്ചപ്പോഴാണ് ഫഹദ് ഇതേകുറിച്ച് മനസുതുറന്നത്. തീർച്ചയായും അത് ഇപ്പോഴുമുണ്ടെന്നായിരുന്നു നടന്റെ മറുപടി. ‘കുറച്ച് മാസങ്ങൾക്ക് മുമ്പ് താനും നസ്രിയയും ബാഴ്‌സലോണയിൽ പോയിരുന്നു. ഞാൻ ഇപ്പോഴും അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ ആളുകൾക്ക് എന്നെ പൂർണമായും മതിയായാൽ മാത്രമേ അത് സംഭവിക്കുകയുള്ളൂ’, ഫഹദ് പറയുന്നു.
Read more
‘തമാശ മാറ്റിവച്ചാൽ, ആളുകളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു കൊണ്ടു പോകുന്നത് മനോഹരമായൊരു കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരാളുടെ ലക്ഷ്യത്തിനെങ്കിലും സാക്ഷ്യം വഹിക്കാനാകുമല്ലോ. അവസരം കിട്ടുമ്പോഴെല്ലാം ഞാൻ ഡ്രൈവ് ചെയ്യാറുണ്ട്. അവിടേയും ഇവിടേയും എവിടേയും. അവസരം കിട്ടുമ്പോഴൊക്കെ ഞാൻ വണ്ടിയെടുക്കും. ഞാൻ ഇപ്പോഴും ഒരുപാട് ആസ്വദിക്കുന്ന കാര്യമാണത്. എനിക്ക് വേണ്ടി മാത്രമുള്ള എന്റെ സമയമാണത്. ഡ്രൈവ് ചെയ്യുമ്പോൾ നന്നായി ചിന്തിക്കാനാകും’, ഫഹദ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.









