ലഹരി നിയമവിധേയമാക്കണം, അതിലും മായം ചേര്‍ക്കുന്നുണ്ട്.. ടിനി ടോമിന് പേടിയാണെങ്കില്‍ മകനെ സ്‌കൂളിലും വിടണ്ട: രഞ്ജന്‍ പ്രമോദ്

ലഹരി നിയമവിധേയമാക്കണമെന്ന വിവാദ പരാമര്‍ശവുമായി സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ്. ഡ്രഗ് യൂസ് അല്ല, ഡ്രഗ് അബ്യൂസ് ആണ് ഇവിടുത്തെ പ്രശ്‌നം എന്നാണ് രഞ്ജന്‍ പ്രമോദ് മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ടിനി ടോം പറഞ്ഞതിനെതിരെയും സംവിധായകന്‍ പ്രതികരിച്ചിട്ടുണ്ട്.

സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ സജീവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രഞ്ജന്‍ പ്രമോദിന്റെ വിവാദ പരാമര്‍ശം. ലഹരി ഉപയോഗിച്ച് പല്ലു പൊടിഞ്ഞു പോയ നടനെ കുറിച്ച് അറിയാം, മകനെ അഭിനയിക്കാന്‍ വിടാത്തത് മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ പേടിച്ചാണെന്നും ടിനി ടോം പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് സംവിധായകന്‍ പ്രതികരിച്ചത്. ”ലഹരി എല്ലായിടത്തും ഉളളതു പോലെ തന്നെയാണ് സിനിമയിലുമുള്ളത്. ടിനി ടോമിന് ലഹരി പേടിച്ച് സിനിമയില്‍ മകനെ വിടാന്‍ പേടിയാണെങ്കില്‍ സ്‌കൂളിലും വിടാന്‍ സാധിക്കില്ല. പളളിയുടെ കീഴില്‍ അച്ഛന്‍മാര്‍ നടത്തുന്ന സ്‌കൂളില്‍ വരെ ലഹരി കേറി വരികയാണ്.”

”നമ്മള്‍ക്ക് ലഹരിയെ തടയാന്‍ സാധിക്കുന്നില്ല. ഇവിടുത്തെ പ്രശ്നം ഡ്രഗ് യൂസ് അല്ലാ, ഡ്രഗ് അബ്യൂസാണ്. കൊക്കെയ്നും എംഡിഎംഎയും ഒക്കെ കിട്ടുന്നുവെന്ന് പറയുന്നത് അവിശ്വസനീയമാണ്. കാരണം ഒരു ഗ്രാമിന് 12000 രൂപയും 15000 രൂപയുമാണ്.”

”ഇതൊരു സാധാരണക്കാരന് വാങ്ങാന്‍ കഴിയുന്നതല്ല, ലഹരിയിലും മായം ചേര്‍ത്താണ് നല്‍കുന്നത്. ഡ്രഗ്സ് എങ്ങനെ ഉപയോഗിക്കണമെന്ന ഗൈഡന്‍സും ഇവിടെയില്ല. ഡ്രഗ്‌സ് ഓപ്പണാക്കി ലീഗലാക്കിയാല്‍ സര്‍ക്കാരിന് ടാക്സ് കിട്ടും. എല്ലാം കൊണ്ടും നല്ലത് അതാണ്. ഇതാണ് അതിനുളള പരിഹാരം” എന്നാണ് രഞ്ജന്‍ പ്രമോദ് പറയുന്നത്.