'മരണത്തിനൊപ്പം പോകും മുമ്പ് നീ വരച്ചത് എന്റെ ചിത്രമാണെന്ന് അറിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉളളു വിറച്ചു'

അകാലത്തില്‍ വിട പറഞ്ഞ മഹേഷ് എന്ന അതുല്യ കലാകാരന്റെ ഓര്‍മ്മയില്‍ സംവിധായകന്‍ ലാല്‍ ജോസ്. താന്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അകാലത്തില്‍ തേടിയെത്തിയ മരണത്തിനൊപ്പം പോകും മഹേഷ് വരച്ചത് തന്റെ ഛായാചിത്രമായിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉളളു വിറച്ചെന്ന് ഫെയ്‌സ്ബുക്കില്‍ ലാല്‍ ജോസ് കുറിച്ചു.

“പ്രിയ മഹേഷ്, ഞാന്‍ നിന്നെ കണ്ടിട്ടില്ല. എന്നാല്‍ അകാലത്തില്‍ തേടിയെത്തിയ മരണത്തിനൊപ്പം പോകും മുമ്പ് നീ വരച്ചത് എന്റെ ഛായാചിത്രമായിരുന്നുവെന്ന് ഓള്‍ഡ് മോങ്കിലെ സിബി കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉളളു വിറച്ചു. കര്‍മ്മബന്ധങ്ങളുടെ ഉള്‍ക്കനമുളള ഏത് നൂലാണ് നിന്നേയും എന്നേയും ഇങ്ങനെ വരിഞ്ഞിട്ടത്.”

“നാല്‍പ്പത്തിയൊന്ന് എന്ന എന്റെ പുതിയ സിനിമയുടെ പരസ്യത്തിനായിട്ടാണ് മഹേഷ് ഈ ചിത്രം വരച്ചത്. ഇരുപത്തിയഞ്ചാം സിനിമ എന്ന മട്ടില്‍ ഒരു പോസ്റ്റര്‍, അതായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അതില്‍ എന്റെ ചിത്രം പ്രതീക്ഷിച്ചിരുന്നില്ല. മരണം സംഭവിക്കുന്നതിന് ഒരാഴ്ച മുമ്പ് മഹേഷ് എന്ന അനുഗ്രഹീത കലാകാരന്‍ വരച്ചിട്ട ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യാതിരിക്കാനാവുന്നില്ല. മഹേഷിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.” ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തട്ടിന്‍പുറത്ത് അച്യുതന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “നാല്‍പ്പത്തിയൊന്ന്.” ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി.പ്രജിത് ആണ് നിര്‍മാണം. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാം ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍ എന്നിവരും പ്രജിത്തിനൊപ്പം നിര്‍മാതാക്കളായുണ്ട്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.