മതങ്ങൾ ദയവ് ചെയ്ത് കലയിലെങ്കിലും ഇടപെടാതെ ഇരിക്കുക: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

ഇപ്പോഴിതാ സിനിമകളെ കുറിച്ചും മതം കലയിൽ ഇടപെടുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് കമൽ. കാതൽ എന്ന സിനിമയ്ക്ക് എതിർപ്പ് വന്നത് മതങ്ങളിൽ നിന്നാണെന്നും മതങ്ങൾ ദയവ് ചെയ്ത് കലയിലെങ്കിലും ഇടപ്പെടാതിരിക്കുക എന്നുമാണ് കമൽ പറയുന്നത്.

“രണ്ട് പെൺകുട്ടികളെന്ന സിനിമ 1970 കളിൽ മോഹൻ ചെയ്തിട്ടുണ്ട്. പെൺകുട്ടികൾ തമ്മിലുള്ള പ്രണയമായിരുന്നു വിഷയം. അന്ന് ആ സിനിമ ഇവിടെ വലിയ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല. കുറച്ചു പേർ കണ്ടു. ലെസ്ബിയൻ വിഷയങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്തു തുടങ്ങുന്നതിനും മുമ്പാണ് അത്.

പിന്നീട് ദേശാടന കിളികൾ കരയാറില്ല എന്ന പത്മരാജന്റെ സിനിമയും വന്നു. എന്നാൽ, പിന്നീട് ന്യൂക്ലീയർ ഫാമിലി വന്നതിനു ശേഷം നമ്മുടെ സമൂഹം വേറെ ഒരു രീതിയിലേയ്ക്ക് മാറി. സിനിമകളിൽ പ്രത്യേകിച്ച് ഇല്ലാത്ത ഒരു മോറാലിറ്റി ഉണ്ടായിവരുന്ന കാഴ്ച നമ്മൾ കണ്ടു.

കാതലിനു എതിർപ്പ് വന്നത് മതങ്ങളിൽ നിന്നാണ്. കാതലിനെതിരെ സംസാരിച്ചത് മുസ്ലിം- ക്രിസ്ത്യൻ മതങ്ങളാണ്. മത പുരോഹിതന്മാരും, മതം തലയ്ക്കു പിടിച്ച സമൂഹവും കലയിലേയ്ക്ക് കടന്ന് വരാൻ തുടങ്ങിയാൽ വലിയ കുഴപ്പമാണ്. ദയവ് ചെയ്തു കലയിലെങ്കിലും ഇടപെടാതെ ഇരിക്കുക. കലാകാരന്മാരെ വെറുതെ വിടുക. മതം ഇടപ്പെട്ടാൽ സ്വതന്ത്രമായി ഒരു കലാരൂപവും ആവിഷ്കരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. പക്ഷേ അവർ ഇടപെട്ടാലും പ്രേക്ഷകർ സ്വീകരിക്കാൻ തയ്യാറാണ്.” എന്നാണ് ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.

2019-ൽ പുറത്തിറങ്ങിയ ‘പ്രണയമീനുകളുടെ കടൽ’ എന്ന ചിത്രമാണ് കമലിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ നായകനാക്കി വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രവുമായി കമൽ വീണ്ടുമെത്തുകയാണ്.

ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം കൂടിയാണ് വിവേകാനന്ദൻ വൈറലാണ്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കോമഡി- എന്റർടൈനർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം സംവിധായകൻ കമലിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും എന്നാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്.