ആ മോഹം പൂര്‍ത്തിയാക്കാതെയാണ് സത്താര്‍ യാത്രയായത്: സംവിധായകന്‍ ഹരിഹരന്‍

അന്തരിച്ച നടന്‍ സത്താറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഹരിഹരന്‍. താനും സത്താറും തമ്മില്‍ ഒരു ഗുരു-ശിഷ്യ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് ഹരിഹരന്‍ പറയുന്നു. അടിമക്കച്ചവടം, യാഗാശ്വം, വെള്ളം, ലാവ തുടങ്ങിയ ചിത്രങ്ങളിലൂടെ നല്ല നടനെന്ന മേല്‍വിലാസം സത്താറിന് ഉണ്ടാക്കി കൊടുത്ത സംവിധായകനാണ് ഹരിഹരന്‍.

“എന്റെ സിനിമകളില്‍ സത്താറിന് മികച്ച വേഷങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല, നല്ല ആത്മാര്‍ത്ഥതയുള്ള നടനായിരുന്നു അദ്ദേഹം. സിനിമയോട് വളരെ താത്പര്യമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു സത്താര്‍. എന്നിരുന്നാലും സാധാരണ യുവനടന്‍മാരില്‍ കണ്ടിരുന്ന മത്സരബുദ്ധിയൊന്നും അന്ന് അദ്ദേഹത്തിന് ആരോടും ഉണ്ടായിരുന്നില്ല. എന്നോട് ഒരുപാട് സ്നേഹവും ബഹുമാനവും വെച്ചുപുലര്‍ത്തിയിരുന്നു. ഞാനും സത്താറും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു.”

“കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഒറ്റയ്ക്കാണ് താമസം, സുഖമില്ല, എന്നിരുന്നാലും അഭിനയിക്കാന്‍ ഇനിയും ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. ആ മോഹം പൂര്‍ത്തിയാക്കാതെയാണ് അദ്ദേഹം യാത്രയായത്.” ഹരിഹരന്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

1975-ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. എന്നാല്‍ പിന്നീട് സ്വഭാവനടനായും വില്ലന്‍ വേഷങ്ങളിലുമാണ് സത്താറിനെ ഏറെയും കണ്ടത്. 148- ഓളം സിനിമകളില്‍ സത്താര്‍ അഭിനയിച്ചിട്ടുണ്ട്. 2014- ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ.