പൃഥ്വിരാജുമായുള്ള ആ സിനിമ നടക്കാതെ പോയതിന് കാരണമുണ്ട്: ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയെ പ്രേക്ഷകർ വിലയിരുത്തുന്നത്. ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ പൃഥ്വിരാജിനെ നായകനാക്കി താൻ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. എന്നാൽ രണ്ടുപേർക്കും തിരക്കുകളായതുകൊണ്ടാണ് പിന്നീട് അത് മുന്നോട്ട് പോവാഞ്ഞതെന്നും ധ്യാൻ പറയുന്നു.

“ഞാൻ ആലോചിച്ചിട്ട് രാജുവേട്ടന് മെസേജ് വരെ അയച്ചു. രണ്ട് മീറ്റിങ് എടുത്തതാണ് പക്ഷേ എനിക്ക് തിരക്കായി പോയി. രാജുവേട്ടന് തിരക്കാണ് പക്ഷേ രണ്ടുപേർക്കും തിരക്കായാൽ എന്ത് ചെയ്യും. തിരക്കിനിടയിൽ ആ പടം നടക്കാതെ പോയി. നടക്കാതെ പോയി എന്നല്ല അവിടെ വരെ പോയിട്ട് എത്തിയില്ല. മെസേജ് അയച്ചു. ഇങ്ങനെ ഒരു പടം ഉണ്ടെന്ന് പറഞ്ഞു. നീ ഏത് സമയം ആണെങ്കിലും വാ എന്ന് പറഞ്ഞു. പക്ഷേ ഞാൻ പോയില്ല.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Read more