ബേസിൽ ജോസഫ് മലയാള സിനിമയിൽ ഇപ്പോഴും നിലനിൽക്കുന്നത് ആ കാരണം കൊണ്ടാണ്: ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന താരങ്ങളാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കുഞ്ഞിരാമായണം’. ബേസിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയായിരുന്നു കുഞ്ഞിരാമായണം. മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനമുണ്ടാക്കിയെടുക്കാൻ ആദ്യ ചിത്രത്തിലൂടെ തന്നെ ബേസിൽ ജോസഫിന് സാധിച്ചു.

വിനീത് ശ്രീനിവാസന്റെ അസിസ്റ്റൻറ് ഡയറക്ടർ ആയാണ് ബേസിൽ മലയാള സിനിമയിലേക്ക് ആദ്യമെത്തുന്നത്. അതിന് മുൻപ് ‘പ്രിയംവദ കാതരയാണോ?’ എന്ന ഷോർട്ട് ഫിലിമിലൂടെയും ബേസിൽ ശ്രദ്ധേയനായിരുന്നു ബേസിൽ ജോസഫ്.

ഇപ്പോഴിതാ ബേസിൽ ജോസഫിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഇന്നത്തെ കാലത്ത് സംവിധായകനാവാൻ എളുപ്പമാണ് എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. ഷോർട്ട് ഫിലിം എന്നത് കഴിവ് തെളിയിക്കാൻ പറ്റിയ ഒരു മാധ്യമമാണെന്നും ബേസിൽ ജോസഫ് മലയാള സിനിമയിലേക്ക് വന്നത് അത്തരത്തിലാണെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.

“മുമ്പൊക്കെ പത്തോ ഇരുപതോ സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് ഒരാൾ സ്വതന്ത്ര സംവിധായകനാകുന്നത്. ഇപ്പോൾ ഒരു സിനിമയിൽ സഹായിയായി കഴിഞ്ഞാൽ സ്വന്തം സിനിമയെ കുറിച്ച് ആലോചന തുടങ്ങും. മറ്റൊന്നുമല്ല സിനിമയും സാങ്കേതികവിദ്യകളും പഠിക്കാൻ എളുപ്പമാണ് ഇപ്പോൾ. അതുകൊണ്ടാണ് അങ്ങനെ പലരും ആദ്യ സിനിമയ്ക്കുശേഷം അപ്രത്യക്ഷരാവുന്നത്. പക്ഷേ നിലനിൽക്കുന്നവരുമുണ്ട്

ഷോർട്ട് ഫിലിം കഴിവ് തെളിയിക്കാനുള്ള വലിയൊരു സാധ്യതയാണ്. ബേസിലിനെ നോക്കൂ അദ്ദേഹം ചെയ്‌ത ഷോർട്ട് ഫിലിം കണ്ടാണ് ഏട്ടൻ അയാളെ സഹായിയായി ഒപ്പം കൂട്ടിയത്. ഇപ്പോൾ ബേസിൽ ചെയ്യുന്ന ചിത്രങ്ങൾ നോക്കൂ. മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകൻ അല്ലേ അയാൾ. ജൂഡ് ആൻ്റണി ജോസ്, അരുൺ ഡി. ജോസ് അങ്ങനെ ഒട്ടേറെ പേർ ഇത്തരത്തിൽ കഴിവ് തെളിയിച്ചവരാണ്” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.