'മദംപട്ടി രം​ഗരാജുമായുളള വിവാഹം കഴിഞ്ഞു, ആറുമാസം ​ഗർഭിണിയാണ്', പോസ്റ്റ് പങ്കുവച്ച് ജോയ് ക്രിസിൽഡ

തമിഴ് നടനും ഷെഫുമായ മദംപട്ടി രം​ഗരാജുമായി വിവാഹം കഴിഞ്ഞുവെന്ന് പറഞ്ഞ് കോസ്റ്റ്യൂ ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ ജോയ് ക്രിസിൽഡ. വിവാഹ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ക്രിസിൽഡ ഇക്കാര്യം അറിയിച്ചത്. ‘മിസ്റ്റർ ആൻഡ് മിസിസ് രം​ഗരാജ്’ എന്ന കാപ്ഷനിലാണ് അവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. രം​​ഗരാജ് ക്രിസിൽഡയെ ക്ഷേത്രത്തിൽ വച്ച് സിന്ദൂരമണിയിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇതിന് പിന്നാലെയാണ് ‘ബേബി ലോഡിങ് 2025’ എന്ന കാപ്ഷനിൽ താൻ ആറുമാസം ​ഗർഭിണിയാണെന്ന് ക്രിസിൽഡ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. ഞായറാഴ്ച മദംപട്ടി രം​ഗരാജിനൊപ്പമുളള ചിത്രങ്ങൾ വീണ്ടും പങ്കുവയ്ക്കുകയായിരുന്നു ഇവർ. വിവാഹവേഷത്തിലുളള ഇരുവരുടെയും ചിത്രങ്ങളാണ് ഇത്തവണയും ക്രിസിൽ‍ഡ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തമിഴ്നാട്ടിൽ അറിയപ്പെടുന്ന ഷെഫായ രം​ഗരാജ് ടെലിവിഷൻ കുക്കറി ഷോയിൽ ജഡ്ജായും പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. കൂടാതെ മെഹന്തി സർക്കസ്, പെൻ​ഗ്വിൻ എന്നീ സിനിമകളിലും അഭിനയിച്ചു. ക്രിസിൽഡ കോളിവുഡ് സിനിമ മേഖലയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി സ്റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമാണ്.

രം​ഗരാജിന്റെയും ക്രിസിൽഡയുടെയും രണ്ടാം വിവാഹമാണിത്. 2018ൽ സംവിധായകൻ ജെ.ജെ ഫ്രെഡ്രിക്കിനെയാണ് ക്രിസിൽഡ വിവാഹം ചെയ്തിരുന്നത്. അഭിഭാഷകയായ ശ്രുതിയുമായാണ് രം​ഗരാജിന്റെ ആദ്യ വിവാഹം. ഈ ബന്ധത്തിൽ രം​ഗരാജിന് രണ്ട് മക്കളുണ്ട്.