മുടിയനായ പുത്രനെ പോലെ കണക്കാക്കി എന്നെ സംഘടനയിലേക്ക് തിരിച്ചെടുക്കണം എന്നായിരുന്നു ആവശ്യം: ബാബുരാജ്

താരസംഘനയായ ‘അമ്മ’യിലെ എക്‌സിക്യൂട്ടീവ് അംഗമാണ് നടന്‍ ബാബുരാജ്. എന്നാല്‍ ഒരിക്കല്‍ അമ്മ സംഘടനയില്‍ നിന്നും ബാബുരാജിനെ പുറത്താക്കിയിരുന്നു. ഇതിനെ കുറിച്ച് ബാബുരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മണിയുമായുള്ള പ്രശ്നത്തിന്റെ പേരിലായിരുന്നു തന്നെ പുറത്താക്കിയത് എന്നാണ് ബാബുരാജ് പറയുന്നത്.

സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ് താന്‍. മണിയുമായുള്ള പ്രശ്നത്തിന്റെ പേരിലായിരുന്നു പുറത്താക്കിയത്. മഹാസമുദ്രം എന്ന സിനിമ ചെയ്യുമ്പോഴാണ് തന്നെ തിരിച്ചെടുത്തത്. ഒരു ഫൈറ്റ് സീന്‍ നടക്കുന്നതിനിടെയാണ് തന്നെ തിരിച്ചെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഫൈറ്റ് ചെയ്ത് അവശനായി അയിലക്കറിയും കൂട്ടി ഭക്ഷണം കഴിക്കുമ്പോഴാണ് ഇന്നസെന്റ് ചേട്ടന്‍ ചോദിക്കുന്നത്, നിനക്ക് സംഘടനയിലേക്ക് തിരിച്ചു വരേണ്ടേ എന്ന്. വേണമെന്ന് താന്‍ പറഞ്ഞു. അപ്പോള്‍ തന്നെ ഇന്നസെന്റ് അപേക്ഷ എഴുതാന്‍ വേണ്ടി പറഞ്ഞു. അസോസിയേറ്റിനോട് വെള്ളക്കടലാസ് വാങ്ങി ഒരു അപേക്ഷ എഴുതി.

അപേക്ഷ വളരെ രസകരമായിരുന്നു. ‘ഒരു മുടിയനായ പുത്രനെന്ന പോലെ കണക്കാക്കി എന്നെ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു’ എന്നായിരുന്നു അപേക്ഷ. അത് വായിച്ച ശേഷം ഇന്നസെന്റും ലാലും അതു മതിയെന്ന് പറഞ്ഞു. അടുത്ത മീറ്റിംഗിലാണ് തിരിച്ചെടുക്കുന്നത്. ആ മീറ്റിംഗിലെ ഊണിന് മുമ്പ് തിരിച്ചെടുക്കണമെന്നായിരുന്നു ആവശ്യം.

കാരണം സദ്യ അത്രയും ഗംഭീരമായിരുന്നു. 11 മണിക്ക് എന്നെ തിരിച്ച് വിളിക്കുകയും മധുസാര്‍, സുകുമാരിച്ചേച്ചി ഇവരൊക്കെ കണ്ണ് നിറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. മാപ്പ് പറഞ്ഞില്ല എന്നതായിരുന്നു പുറത്താക്കാനുണ്ടായ കാരണം. ഇവരെയൊക്കെ കണ്ടപ്പോള്‍ ഞാന്‍ അവിടെ വച്ച് മാപ്പ് പറഞ്ഞു എന്നാണ് ബാബുരാജ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.