എക്‌സൈസ് സംഘം ചേസ് എത്തിയത് ഒരു പ്രമുഖ നടന്റെ വണ്ടിക്ക് പിന്നാലെ, കേസ് ആയിരുന്നെങ്കില്‍ മലയാള സിനിമ പിന്നെ ഇല്ല: ബാബുരാജ്

സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തെ കുറിച്ച് പറഞ്ഞ് നടന്‍ ബാബുരാജ്. ലഹരി ഉപയോഗിക്കുന്ന നടന്‍മാരുടെ മുഴുവന്‍ ലിസ്റ്റും പൊലീസിന്റെയും ‘അമ്മ’ സംഘടനയുടെ കൈവശവും ഉണ്ട് എന്നാണ് ബാബുരാജ് പറയുന്നത്. പലപ്പോഴും അമ്മ സംഘടനയ്ക്ക് മിണ്ടാതെ ഇരിക്കേണ്ടി വരുന്നുണ്ടെന്നും ബാബുരാജ് വ്യക്തമാക്കുന്നുണ്ട്.

”ലഹരി ഉപയോഗം വര്‍ദ്ധിച്ച് വരികയാണ്. സിനിമാ സംഘനകളുടെയും പൊലീസിന്റെയും കൈയ്യില്‍ അതിന്റെ മുഴുവന്‍ ലിസ്റ്റ് ഉണ്ട്. പിടിക്കപ്പെടുന്നവര്‍ എല്ലാം ഇത് ആര്‍ക്കു വേണ്ടിയാണ് കൊണ്ടു പോകുന്നത് എന്ന് വരെ പറയുന്നുണ്ട്. ഞങ്ങളുടെ അമ്മയുടെ ഓഫീസില്‍ ലിസ്റ്റ് ഉണ്ട്. ഞങ്ങള്‍ക്ക് അത് അയച്ച് തരുന്നുണ്ട്.”

”പിടിക്കപ്പെട്ടയാള്‍ മൊഴി കൊടുത്തിട്ട് ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചെയ്‌സ് ചെയ്ത് എത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പിറകെയാണ്. അന്ന് ആ വണ്ടി നിര്‍ത്തി തുറന്ന് പരിശോധിച്ചെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഇല്ല. അതൊക്കെ നഗ്നമായ സത്യങ്ങളാണ്.”

”പണ്ടൊക്കെ കുറച്ച് ഗോപ്യമായിട്ട് ആയിരുന്നു ഇതൊക്കെ ചെയ്തു കൊണ്ടിരുന്നത്. ഒരു മറവ് ഉണ്ടായിരുന്നു. ഇപ്പോള്‍ ആ മറവ് മാറി. പരസ്യമായിട്ട് ചെയ്യാന്‍ തുടങ്ങി. ഈ സിസ്റ്റം മാറണം, അല്ലാത്തതു കൊണ്ടാണ് അമ്മയില്‍ ഞങ്ങള്‍ക്ക് മിണ്ടാതെ ഇരിക്കേണ്ടി വരുന്നത്.”

”ആരൊക്കെ ലഹരിമരുന്ന ഉപയോഗിക്കുന്നു എന്നതിന്റെ മുഴുവന്‍ ലിസ്റ്റും 1, 2, 3, 4 എന്ന് പറഞ്ഞ് അമ്മയിലുണ്ട്. വ്യക്തിപരമായി ഉപയോഗിക്കുമ്പോള്‍ പ്രശ്മനമില്ല, ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടം പോലെ ചെയ്യൂ” എന്നാണ് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറയുന്നത്.