ട്രാന്‍സിന്റെ ബജറ്റ് എത്രയാണ്?; അന്‍വര്‍ റഷീദ് പറയുന്നു

ഫഹദ് ഫാസിലിനെയും നസ്രിയ നസീമിനെയും നായികാ നായകന്മാരാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഏഴ് വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ഗാനങ്ങളും മറ്റും ഏറെ ആകാംക്ഷയാണ് പ്രേക്ഷകരില്‍ ഉണര്‍ത്തുന്നത്. 20 കോടിക്ക് മുകളില്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് അന്‍വര്‍ റഷീദ്.

“ബജറ്റ് വെളിപ്പെടുത്തുന്നതിലൊന്നും ഒരു കാര്യവുമില്ല. സിനിമ ഓക്കെ ആണെങ്കില്‍ ഓകെ എന്നല്ലാതെ ബജറ്റിന്റെ വലിപ്പം പറഞ്ഞ് പ്രേക്ഷകരെ ഞെട്ടിക്കേണ്ട കാര്യമൊന്നുമില്ല. ആംസ്റ്റര്‍ഡാമില്‍ ചിത്രത്തിന് ഷൂട്ടിംഗ് ഉണ്ടായിരുന്നു. ആംസ്റ്റര്‍ഡാമില്‍ ഇതിനു മുമ്പ് ഒരു മലയാള സിനിമ ചിത്രീകരിച്ചിട്ടുള്ളതായി കേട്ടിട്ടില്ല. ചിത്രത്തിന് ഏറെ അനിവാര്യമായ ലൊക്കേഷനായിരുന്നു അത്.” ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് പറഞ്ഞു.

Read more

ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാന്‍സ്. ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഛായാഗ്രഹണം അമല്‍ നീരദ്. ഈ മാസം 14 ന് ചിത്രം തിയേറ്ററുകളിലെത്തും.