‘മുസ്ലീങ്ങള്‍ക്ക് രണ്ടെണ്ണം കെട്ടാം എന്ന കേസല്ല, ഉമ്മ വിഷമിച്ച് കരയുകയുമല്ല’; മെസേജുകള്‍ക്കും കോളുകള്‍ക്കും മറുപടിയുമായി അനാര്‍ക്കലി

പിതാവ് നിയാസ് മരിക്കാര്‍ വീണ്ടും വിവാഹിതനായ ചിത്രങ്ങള്‍ നടി അനാര്‍ക്കലി മരിക്കാര്‍ പങ്കുവച്ചിരുന്നു. കൊച്ചുമ്മയെ സ്വാഗതം ചെയ്തു കൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന മെസേജുകള്‍ക്കും തന്റെ ഉമ്മയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഫോണ്‍ കോളുകള്‍ക്കും മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അനാര്‍ക്കലി.

ഉമ്മയും വാപ്പയും ഒരു വര്‍ഷം മുമ്പാണ് വിവാഹമോചിതരായത്. ആശ്വസിപ്പിക്കാന്‍ എന്ന പോലെ പോട്ടെ, വേറെ കല്യാണം നോക്കാം എന്ന് പറഞ്ഞു കൊണ്ട് തന്റെ ഉമ്മയെ വിളിക്കരുത് എന്നാണ് അനാര്‍ക്കലി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. വാപ്പ വേറെ കല്യാണം കഴിച്ചെന്ന് വച്ച് ഉമ്മ ഒരിക്കലും തകരില്ല. ഉമ്മ ഒറ്റയ്ക്ക് കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു.

അനാര്‍ക്കലി മരിക്കാറിന്റെ വാക്കുകള്‍:

വാപ്പയുടെ കല്യാണത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ വലിയ വാര്‍ത്ത ആകുമെന്ന് വിചാരിച്ചല്ല. കുറേ മെസേജുകള്‍ വന്നു. എന്റെ മാതാപിതാക്കള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് നേരത്തെ പറയാന്‍ കഴിഞ്ഞിട്ടില്ല. എന്റെ ഉമ്മയും ബാപ്പയും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു കഴിയുകയാണ്. 30 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പിരിഞ്ഞു. ഒരു വര്‍ഷമായി വാപ്പ ഒറ്റയ്ക്ക് ജീവിക്കുകയാണ്.

വാപ്പയെ വീണ്ടും വിവാഹം കഴിപ്പിച്ചാലോ എന്ന് ഞാനും ചേച്ചിയും ചിന്തിച്ചിരുന്നു. അങ്ങനെയാണ് വീണ്ടും വിവാഹം കഴിച്ചത്. മുസ്ലീങ്ങള്‍ക്ക് രണ്ടെണ്ണം കെട്ടാം എന്നാല്‍ ഇത് ആ കേസ് അല്ല. വിവാഹമോചനത്തിന് ശേഷം നടന്നതാണ്. ഇതിന് ശേഷം കുറേപേര്‍ എന്റെ ഉമ്മയെ വിളിച്ച് പോട്ടെ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ച് സംസാരിക്കുന്നുണ്ട്. ഇവരോട് മെയിന്‍ ആയി പറയാനുള്ളത് നിങ്ങള്‍ എന്റെ ഉമ്മായെ കുറേ തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നാണ്.

എന്റെ ഉമ്മ സൂപ്പര്‍ കൂള്‍ മോം ആണ്. വാപ്പ വേറെ കല്യാണം കഴിച്ചെന്ന് വച്ച് എന്റെ ഉമ്മ ഒരിക്കലും തകരില്ല. ഉമ്മ ഒറ്റയ്ക്ക് കഴിയാന്‍ ആഗ്രിച്ചു. വാപ്പ കല്യാണം കഴിക്കാനും. അത്രയേയുള്ളു. അത് അവരുടെ ചോയിസ് ആണ്. വളരെ ഫോര്‍വേഡ് ആയി ചിന്തിക്കുന്ന സ്ത്രീയാണ് എന്റെ ഉമ്മ. ഉപ്പ ഒറ്റക്ക് ആകരുത് എന്ന് ചിന്തിച്ചാണ് കല്യാണത്തിന് പോയതും കൊച്ചുമ്മയെ സന്തോഷത്തോടെ സ്വീകരിച്ചത്.

കുറേപേര്‍ അതിനെ കുറിച്ച് പറഞ്ഞു, നിന്നില്‍ അഭിമാനം തോന്നുന്നു എന്നൊക്കെ. ഇങ്ങനെത്തെ ചെറിയ കാര്യങ്ങള്‍ കോപ്ലിക്കേറ്റഡ് ആക്കണ്ട കാര്യമില്ല. ഒരു പുതിയ അംഗം വീട്ടില്‍ വരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്. ചെറുപ്പത്തില്‍ വാപ്പാടെ കല്യാണത്തിന് വിളിച്ചിട്ടില്ലലോ എന്ന് ഞാന്‍ പറയാറുണ്ട്. ഇപ്പോള്‍ കല്യാണത്തിന് കൂടാന്‍ സാധിച്ചതില്‍ സന്തോഷം.

എന്റെ ഉമ്മയെ ഇത് ബാധിച്ചിട്ടില്ല. ഉമ്മക്ക് എപ്പോഴും വാപ്പ ഒറ്റയ്ക്ക് ആവരുത് വിവാഹം ചെയ്യണം എന്നായിരുന്നു. അതുകൊണ്ട് എന്റെ ഉമ്മയെ ആരും വിളിച്ച് പോട്ടെ, സാരമില്ല, നമുക്ക് വേറെ കല്യാണം നോക്കാം എന്ന് പറയേണ്ട കാര്യമില്ല. ഉമ്മ സെല്‍ഫ് ഡിപെന്‍ഡ് ആണ്. എപ്പോഴെങ്കിലും കൂട്ട് വേണമെന്ന് തോന്നിയാല്‍ ഉമ്മ കല്യാണം കഴിച്ചോട്ടെ. എന്നാല്‍ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. ഉമ്മ വളരെ സന്തോഷത്തിലാണ്, വിഷമിച്ച് കരയുകയല്ല.