മരിക്കുന്ന സീന്‍ ഷൂട്ട് ചെയ്താല്‍ മറ്റൊരു കാര്യം കൂടി ചെയ്യും..; അന്ധവിശ്വാസത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ നിരവധി അന്ധവിശ്വാസങ്ങളുണ്ട്. ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ മൂങ്ങയെ കണ്ടാല്‍ നല്ല ലക്ഷണമായിരുന്നു എന്ന് നടന്‍ മുകേഷ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സിനിമ ചിത്രീകരണത്തിനിടെ തനിക്ക് ഇഷ്ടപ്പെട്ട ഒരു അന്ധവിശ്വാസത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍.

നമ്മള്‍ മരിക്കുന്ന ഒരു സീന്‍ ഷൂട്ട് ചെയ്തു കഴിഞ്ഞാല്‍, അടുത്ത ടേക്ക് നമ്മള്‍ ചിരിച്ചുകൊണ്ട് എഴുന്നേല്‍ക്കുന്നതിന്റെ എടുക്കണമെന്ന് ഒരു അന്ധവിശ്വാസമുണ്ട്. അത് തനിക്ക് ഭയങ്കര ഇഷ്ടമുള്ള അന്ധവിശ്വാസമാണ് എന്നാണ് ഐശ്വര്യ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഒക്ടോബര്‍ 28ന് തിയേറ്ററുകളില്‍ എത്തുന്ന ‘കുമാരി’ സിനിമയെ കുറിച്ച് സംസാരിക്കവെയാണ് താരത്തിന്റെ പരാമര്‍ശം. സിനിമയെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഒരു സംഭവം അല്ലെങ്കില്‍ ഒരു പ്രശ്‌നം ഫെയ്‌സ് ചെയ്യേണ്ടി വരുമ്പോള്‍ അത് അതിജീവിക്കാന്‍ സ്ത്രീകള്‍ക്കൊരു സ്പിരിറ്റുണ്ടാകാറുണ്ട്.

അതിനെ കുറിച്ചാണ് കുമാരിയില്‍ പറയുന്നത് എന്നാണ് ഐശ്വര്യ പറയുന്നത്. ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ്, ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്‍, സ്വാസിക എന്നിവരാണ് കുമാരിയില്‍ മറ്റ് പ്രധാന താരങ്ങള്‍. ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ്.