'കഴിഞ്ഞ വര്‍ഷം ചെയ്യാത്ത തെറ്റിന് പോണവരുടെയും വരണവരുടെയും തെറി കേട്ട പാവപ്പെട്ട വ്യക്തിയാണ് ഈ കിടക്കുന്നത്'; ട്രോളന്‍മാര്‍ക്ക് നന്ദി പറഞ്ഞ് അഹാന

വീട്ടിലെ റംബൂട്ടാന്‍ പഴത്തെ കുറിച്ച് നടി അഹാന കൃഷ്ണ കഴിഞ്ഞ വര്‍ഷം പങ്കുവച്ച വീഡിയോക്കെതിരെ നിരവധി ട്രോളുകള്‍ എത്തിയിരുന്നു. ഈ വര്‍ഷം ട്രോളന്‍മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് വീണ്ടും റംബൂട്ടാന്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. റംബൂട്ടാന്‍ 2.0 എന്നാണ് യൂട്യൂബ് ചാനലിലെ പുതിയ വീഡിയോക്ക് അഹാന പേരിട്ടിരിക്കുന്നത്.

റംബൂട്ടാന്റെ പേരും പറഞ്ഞ് കുറച്ച് പേര്‍ തന്നെയും കുടുംബത്തെയും പരിഹസിച്ചിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം റംബൂട്ടാന്‍ വളരെയധികം ഫേമസ് ആയെന്നും വീഡിയോയില്‍ അഹാന പറയുന്നു. കഴിഞ്ഞ വര്‍ഷം ചെയ്യാത്ത തെറ്റിന് പോണവരുടെയും വരണവരുടെയും തെറി കേട്ട പാവപ്പെട്ട വ്യക്തിയാണ് ഈ കിടക്കുന്നത്.

നമ്മുടെ കുടുംബത്തിന്റെ പേരും വച്ച് വീഡിയോ ഇട്ടാല്‍ വല്ല പ്രൈവസി പോളിസി എങ്ങാനും വന്നാലോന്ന് മാനിച്ച് പലരും റംബൂട്ടാന്റെ പേരും മുഖവും വച്ച് വീഡിയോ ഇട്ട് കുറച്ച് നാള്‍ ആഘോഷിക്കുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ എല്ലാവരും പാവത്തിന്റെ മേല്‍ കേറി നിരങ്ങി. ഇപ്പോള്‍ ആളങ്ങ് ഫെയ്മസ് ആയി. ആര്‍ക്കുമറിയാത്ത റംബൂട്ടനല്ല, ഇപ്പോള്‍ ഫെയ്മസ് ആയ പോപ്പുലാരിറ്റിയുള്ള റംബൂട്ടാനാണ്.

മാത്രമല്ല ഇന്ന് ലോകത്തുള്ള കുറച്ച് മലയാളികള്‍ക്ക് എങ്കിലും റംബൂട്ടാന്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്നെയും എന്റെ കുടുംബത്തെയും ഓര്‍മ്മ വരും. ഇതിന് വഴിയൊരുക്കി തന്ന എല്ലാ ട്രോളന്‍മാരെയും ഞാന്‍ ഈ ധന്യ മുഹൂര്‍ത്തത്തില്‍ സ്മരിക്കുന്നു. നിങ്ങള്‍ എല്ലാവരോടും നന്ദി പറയുന്നു എന്ന് അഹാന വീഡിയോയില്‍ പറഞ്ഞു.

ഇതുവരെ താന്‍ ചെയ്ത വീഡിയോകളിലെ കണ്ടന്റുകള്‍ കൊണ്ട് ആര്‍ക്കെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് അഹാന ചോദിക്കുന്നു. അതിന്റെ ഉത്തരം കമന്റായി ഇടാനും നടി പറയുന്നുണ്ട. ഏറ്റവും നല്ല കമന്റ് ഇടുന്ന ആള്‍ക്ക് സമ്മാനമായി റംബൂട്ടാന്‍ കൊടുത്തു വിടുമെന്നും അഹാന പറഞ്ഞു.