എത്ര വമ്പന്‍ കമ്പനിയുടെ പ്രൊഡക്ഷനായാലും പാചകം ചെയ്യാന്‍ വിദഗ്ധനായ ഒരു കുശിനിക്കാരന്‍ മമ്മൂട്ടിക്ക് ഒപ്പമുണ്ടാകും,' അടൂര്‍ ഗോപാലകൃഷ്ണന്‍

ശരീരസൗന്ദര്യം ഭംഗിയായി നിലനിര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലാത്ത നടനാണ് മമ്മൂട്ടി. മലയാള സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായ അദ്ദേഹം തന്റെ അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 1971ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂക്ക വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് ഇന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ്. നോക്കിലും വാക്കിലും നടപ്പിലുമെല്ലാം യുവത്വം മുറ്റിനിന്നിട്ടും തനിക്ക് ചേരാത്ത വേഷങ്ങളില്‍ മമ്മൂട്ടിയെ കാണാറില്ലെന്നാണ് അടൂര്‍ പറയുന്നത്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭിനയസിദ്ധിയും അര്‍പ്പണ ബുദ്ധിയും ഈ നടനില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. അതുപോലെ പ്രധാനമാണ് അദ്ദേഹം കൃത്യമായി പാലിച്ചു പോരുന്ന നിഷ്ടകള്‍. ക്രമീകൃതാഹാരത്തിലും വ്യായാമത്തിലും പതിപ്പിക്കുന്ന സവിശേഷമായ ശ്രദ്ധ അനന്യസാധാരണം തന്നെ. എത്ര വമ്പന്‍ കമ്പനിയുടെ പ്രൊഡക്ഷനായാലും തനിക്കാവശ്യമുള്ള സമീകൃതാഹാരം പാകം ചെയ്യാന്‍ വിദഗ്ധനായ ഒരു കുശിനിക്കാരന്‍ മമ്മൂട്ടിക്കൊപ്പമുണ്ടാകും,’ അദ്ദേഹം പറഞ്ഞു.

ഭീഷ്മപര്‍വ്വം, പുഴു തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഭീഷ്മപര്‍വ്വത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഭീഷ്മപര്‍വ്വത്തിലെ നടന്റെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരുന്നു ഇത്. ബിഗ് ബി സിനിമയുടെ സംവിധായകന്‍ അമല്‍ നീരദാണ് ഈ ചിത്രം ഒരുക്കുന്നത്. ഈ ടീമിന്റെ ബിലാലിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.