മീടു വെളിപ്പെടുത്തലുകളിലൂടെ മുൻപ് വാർത്തകളിൽ നിറഞ്ഞ താരമാണ് നടി തനുശ്രീ ദത്ത. പൊട്ടിക്കരഞ്ഞുകൊണ്ടുളള നടിയുടെ എറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ലെന്നും ഉപദ്രവം നേരിടുന്നുവെന്നും വെളിപ്പെടുത്തിയാണ് തനുശ്രീ ദത്ത എത്തിയിരിക്കുന്നത്. 2018 മുതൽ താൻ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും പൊലീസിന്റെ സഹായം തേടിയതായും നടി പറയുന്നു. മീടു വിവാദത്തിൽ നിലപാട് അറിയിച്ചതുമുതൽ തനിക്കെതിരായ ഉപദ്രവം തുടരുകയാണെന്നും തന്നെ ആരെങ്കിലും സഹായിക്കണമെന്നും തനുശ്രീ വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
“പ്രിയപ്പെട്ടവരെ, ഞാൻ എന്റെ സ്വന്തം വീട്ടിൽ ഉപദ്രവിക്കപ്പെടുകയാണ്. ഇക്കാര്യം പറയാൻ ഞാൻ പൊലീസിനെ വിളിച്ചിരുന്നു. സ്റ്റേഷനിൽ പോയി പരാതി നൽകാനാണ് അവർ പറയുന്നത്. ഞാൻ ഇപ്പോൾ വളരെയധികം ക്ഷീണിതയാണ്. എനിക്ക് മുന്നോട്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല. കഴിഞ്ഞ നാല്-അഞ്ച് വർഷമായി എന്നെ അവർ വളരെയധികം ഉപദ്രവിച്ചു. ആരോഗ്യം മോശമായി. എനിക്ക് വീട്ടുജോലിക്കാരെ പോലും നിയമിക്കാൻ കഴിയില്ല. കാരണം മുൻപ് വേലക്കാരികളിൽ നിന്നും വളരെ മോശമായ അനുഭവങ്ങളാണ് എനിക്ക് ഉണ്ടായത്. അവർ മോഷ്ടിക്കുകയും മോശമായ കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്.
മുറിയുടെ വാതിലിൽ പോലും ആളുകൾ വന്ന് മുട്ടുന്നു. ഞാൻ അവരെയെല്ലാം പറഞ്ഞുവിട്ടു. ഇപ്പോൾ വീട്ടിലെ എല്ലാ ജോലികളും ഞാൻ ചെയ്യേണ്ട അവസ്ഥയാണ്. എൻ്റെ സ്വന്തം വീട്ടിലാണ് ഞാൻ ഈ ബുദ്ധിമുട്ടുകൾ നേരിടുന്നത്. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ”, എന്നാണ് ആർക്കെതിരെയാണ് ആരോപണമെന്ന് വ്യക്തമാക്കാതെ വീഡിയോയിൽ തനുശ്രീ പറയുന്നത്.
View this post on Instagram
Read more
മുൻപ് ബോളിവുഡ് താരം നാനാ പടേക്കറിനെതിരെ മീടു ആരോപണം ഉന്നയിച്ചാണ് തനുശ്രീ ദത്ത വാർത്തകളിൽ ഇടംപിടിച്ചത്. 2009ൽ ഓകെ പ്ലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നാനാ പടേക്കർ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു തനുശ്രീ വെളിപ്പെടുത്തിയത്. ‘ചോക്ലേറ്റ്’ എന്ന സിനിമയുടെ സെറ്റിൽ ഇർഫാനൊപ്പം വസ്ത്രമില്ലാതെ നൃത്തം ചെയ്യാൻ നിർമ്മാതാവ് വിവേക് അഗ്നിഹോത്രി സമ്മർദ്ദം ചെലുത്തിയതായി തനുശ്രീ ആരോപിച്ചിരുന്നു.