മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം അമ്പരിപ്പിക്കുന്നു.. എനിക്കും കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായി: സുപര്‍ണ ആനന്ദ്

മലയാള സിനിമയില്‍ നിന്നും തനിക്കും കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ‘ഞാന്‍ ഗന്ധര്‍വ്വന്‍’ ചിത്രത്തിലെ നായിക സുപര്‍ണ ആനന്ദ്. കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായതു കൊണ്ടാണ് തനിക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നത് എന്നാണ് സുപര്‍ണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

വൈശാലി, ഞാന്‍ ഗന്ധര്‍വ്വന്‍ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ നടിയാണ് സുപര്‍ണ. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പ്രവണതകള്‍ അന്നേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു.

എന്നാല്‍ കേസ് എടുത്തിട്ട് പോലും എംഎല്‍എ സ്ഥാനത്ത് തുടരുന്ന മുകേഷിന്റെ നടപടി പരിഹാസ്യമാണ്. മുകേഷ് പദവി ഒഴിയണമെന്നും സുപര്‍ണ വ്യക്തമാക്കി. മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം അമ്പരിപ്പിക്കുന്നു. പരാജയമായതു കൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്‌ക്കേണ്ടി വന്നത്.

എല്ലാവരെയും ഉള്‍ക്കൊണ്ട് വേണം അമ്മയുടെ പുതിയ ഭരണ സമിതി മുമ്പോട്ട് പോകാന്‍. സ്ത്രീകളും ഭരണത്തില്‍ ഉണ്ടാകണം. കേരളത്തിലെ സംഭവങ്ങള്‍ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിന് ഇടയാക്കട്ടെ എന്നുമാണ് സുപര്‍ണ പറയുന്നത്.

Read more