' മുപ്പത് വര്‍ഷമായി രാഷ്ട്രീയക്കാരന്‍ ആണത്രെ, മാന്യമായി നടത്തേണ്ട ചാനല്‍ പരിപാടികളിലാണ് ഇന്നും ഇയാളെ ക്ഷണിക്കുന്നത്'; പി.സിയെ വിമര്‍ശിച്ച് ചിന്നു ചാന്ദ്‌നി

പി.സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ചിന്നു ചാന്ദ്‌നി. നടിയെ ആക്രമിച്ച കേസില്‍ പി.സി ജോര്‍ജ് നടിയെ അപമാനിച്ചതിന് എതിരെയാണ് ചിന്നു ചാന്ദ്‌നിയുടെ പ്രതികരണം. പി.സി ജോര്‍ജിനെ പോലുള്ള ആളുകളോട് അഭിപ്രായം ചോദിക്കാന്‍ ചാനലുകള്‍ ഇപ്പോഴും വിളിക്കുന്നുണ്ടല്ലോ എന്ന് ചിന്നു ചാന്ദിനി പ്രതികരിച്ചു.

”എഴുപതു വയസ്സായി ഇയാള്‍ക്ക്. 30 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണത്രെ. അത്യന്തം മാന്യമായി നടക്കേണ്ട ചാനല്‍ പരിപാടികളിലേക്കാണ് അഭിപ്രായം ചോദിക്കാന്‍ ഇയാളെ പോലുള്ളവരെ നിരന്തരം ക്ഷണിക്കുന്നത്” എന്ന് ചിന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

റിപ്പോര്‍ട്ടര്‍ ടിവിയോട് പി.സി ജോര്‍ജ് പ്രതികരിക്കുന്ന വീഡിയോ പങ്കുവച്ചു കൊണ്ടാണ് നടിയുടെ വിമര്‍ശനം. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 20ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാണ് വിചാരണക്കോടതിയുടെ നിര്‍ദ്ദേശം.

ഫെബ്രുവരി 16 ന് മുമ്പ് വിചാരണ അവസാനിപ്പിച്ച് കേസില്‍ വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാലാണ് ഉടന്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി ആവശ്യപ്പെട്ടത്. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ 6 മാസം കൂടി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.