'ഫഹദിന്റെ നായികയാകാനുള്ള അവസരം നഷ്ടമായതില്‍ അന്ന് വിഷമം തോന്നിയില്ല, എന്നാല്‍ ഇന്ന് ആ റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു'; അഹാന കൃഷ്ണ

വിടര്‍ന്ന കണ്ണുകളുള്ള സുന്ദരി എന്ന വിശേഷണത്തോടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. താര കുടുംബത്തില്‍ നിന്നു വരുന്ന അഹാന വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ്. ഇപ്പോള്‍ മലയാളത്തിന്റെ യുവനടന്‍ ടൊവീനോയുടെ നായികയായി എത്തുകയാണ് അഹാന. അടുത്തവാരം റിലീസിന് ഒരുങ്ങുന്ന ലൂക്ക എന്ന ചിത്രത്തിലാണ് ടൊവീനോയുടെ നായികയായി അഹാന എത്തുന്നത്.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തനിക്ക് ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നെന്നും എന്നാല്‍ അന്ന് അതിന് സാധിച്ചില്ലെന്നും ഇന്ന് അത്തരമൊരു വേഷത്തിനായി ഒരുപാട് ആഗ്രഹിക്കുന്നെന്നും പറയുകയാണ് അഹാന. “ഫഹദ് ഫാസില്‍ നായകനായെത്തിയ അന്നയും റസൂലും എന്ന ചിത്രത്തില്‍ നായികയാക്കാന്‍ രാജീവേട്ടന്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ അന്ന് ഞാന്‍ എട്ടാം ക്ലാസിലായിരുന്നു. പിന്നെ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് സിനിമ ഇറങ്ങിയത്. അന്ന് അത് മിസ് ആയല്ലോ എന്നോര്‍ത്ത് വിഷമമോ നഷ്ടബോധവമോ ഇല്ല. അന്ന് ഒരു ഫഹദ് ചിത്രത്തിലേക്ക് വിളിച്ചല്ലോ എന്ന സന്തോഷമൊക്കെ ഉണ്ടായിരുന്നു. അതിനപ്പുറത്തേക്കൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ പക്ഷേ ആ റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് വെറുതേ ആഗ്രഹിച്ചിട്ടുണ്ട്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അഹാന പറഞ്ഞു.

Read more

ഒരു കായികതാരത്തിന്റെ റോള്‍ അവതരിപ്പിക്കണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും അഹാന പറയുന്നു. ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന “ലൂക്ക” ചിത്രം കലാകാരനും ശില്പിയുമായ ലൂക്ക എന്ന പേരുള്ള യുവാവിന്റെ കഥയാണ് പറയുന്നത്. പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹണം നവാഗതനായ നിമിഷ് രവിയാണ്. സൂരജ് എസ് കുറുപ്പ് ഗാനങ്ങള്‍ ഒരുക്കുന്നു.